27.1 C
Kottayam
Saturday, April 20, 2024

കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്‍റെ മകന് സീറ്റ് നൽകിയതിനെതിരെ ലീഗ് പ്രാദേശിക നേതൃത്വം

Must read

കൊച്ചി: കളമശ്ശേരിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിനെതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ വെട്ടിലായി മുസ്ലീം ലീഗ്. സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് നേതാക്കളുടെ പക്ഷം. അതേസമയം പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണെന്നും എതിര്‍പ്പുകൾ കാര്യമാക്കുന്നില്ലെന്നുമാണ് സ്ഥാനാര്‍ഥിയായ വി ഇ അബ്ദുൽ ഗഫൂറിന്റെ നിലപാട്.

ജില്ലാ നേതൃത്വം നൽകിയ പേരുകൾ വെട്ടിമാറ്റിയാണ് സംസ്ഥാന കമ്മിറ്റി ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാര്‍ത്ഥിയാക്കിയത്. പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാൽ ഇബ്രാഹീം കുഞ്ഞിനെയോ മകനെയോ സ്ഥാനാര്‍ഥിയാക്കരുതെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.

സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ 13 ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ടി എ അഹമ്മദ് കബീർ എംഎല്‍എയുടെ വീട്ടിൽ യോഗം ചേര്‍ന്നു. ഗഫൂറിനെ അംഗീകരിക്കില്ലെന്നും മക്കള്‍ രാഷ്ട്രീയം ലീഗിൽ അനുവദിക്കാനാവില്ലെന്നുമാണ് നേതാക്കളുടെ നിലപാട്. അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റ് സീറ്റുകളിലെ വിജയത്തെ പോലും ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഗഫൂറിനെ മാറ്റിയില്ലെങ്കിൽ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന നിര്‍ദേശവും ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വെച്ചു. അതേസമയം പാണക്കാട് തങ്ങളുടെ തീരുമാനം പ്രവര്‍ത്തകർ അംഗീകരിക്കണമെന്നാണ് ഗഫൂര്‍ പറയുന്നത്.

ഇതിനിടെ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചു എന്നാരോപിച്ചു ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദിൻ്റെ രാജി ആവശ്യപ്പെട്ട് മൂവാറ്റുപുഴയിൽ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week