തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ ട്രെയിന് മുന്നില്‍ ചാടി; കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് പരിക്ക്

മലപ്പുറം: തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ അമ്മയുടെ ആത്മഹത്യാ ശ്രമം. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ പ്രജിഷ(38) യാണ് കൈക്കുഞ്ഞുമായി എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുഞ്ഞിനെ ജില്ല മെഡിക്കല്‍ സ്റ്റോറിനടുത്തുള്ള പഴയ ഒരു കെട്ടിടത്തില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രജിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഇവരെ തിരൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ക്ക് ലഭിച്ച ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് കൂടെ കുഞ്ഞുള്ള വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ മെഡിക്കല്‍ സ്റ്റോറിനടുത്തുള്ള പഴയ കെട്ടിടത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News