കൂത്തുപറമ്പില്‍ ടിക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച 63കാരന്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: ടിക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍. കൈതേരി പതിനൊന്നാംമൈല്‍ വി.പി ഹൗസില്‍ കെ.കെ.ധര്‍മരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ‘ടിക് ടോക്’ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ നൂറനാട് സ്വദേശിയായ എസ്.അരുണ്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ലിജിനെയും(26) പീഡനത്തിനു കൂട്ടുനിന്ന ശിവപുരം കരൂന്നിയിലെ കെ.സന്തോഷിനെയും (29) പോക്‌സോ നിയമപ്രകാരം റിമാന്‍ഡ് ചെയ്തിരുന്നു.
പോക്‌സോ നിയമപ്രകാരം കേസെടുത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ധര്‍മരാജനെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലിലേക്കയച്ചു. സ്‌കൂളില്‍ നിന്നു വിനോദയാത്ര പോവുകയാണെന്നു വീട്ടില്‍ പറഞ്ഞാണു പെണ്‍കുട്ടി തിരുവനന്തപുരത്തേക്ക് പോയത്. അഞ്ചാം ദിവസവും തിരിച്ചെത്താതെ വന്നപ്പോഴാണു മാതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷിച്ചു പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ കൗണ്‍സിലിങ്ങിലാണു കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടി പറഞ്ഞത്.