24.7 C
Kottayam
Friday, May 17, 2024

സ്ത്രീകള്‍ അപ്രത്യക്ഷരായി, വീടിനുള്ളില്‍ അടയ്ക്കപ്പെട്ടു;താലിബാൻ ഭരണത്തിൽ അഫ്ഗാനില്‍ സംഭവിക്കുന്നത്

Must read

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം പിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും താലിബാൻ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് അഫ്ഗാനിൽനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. സ്ത്രീകളെ അടിച്ചമർത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ഹനിച്ചുകൊണ്ടുമുള്ള മുൻ ഭരണരീതിതന്നെയായിരിക്കും അവർ തുടരുക എന്നാണ് കരുതേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ പൊതുമണ്ഡലത്തിൽനിന്ന് സ്ത്രീകൾ ഏറെക്കുറെ നിഷ്കാസിതരായിക്കഴിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരം.

അഫ്ഗാനിൽ പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇപ്പോൾ നേരിടേണ്ടിവരുന്ന ഭീഷണികൾ വ്യക്തമാക്കുന്നതാണ് ആംനസ്റ്റി ഇന്റർനാഷണൽ പ്രവർത്തകയായ സമീറ ഹമീദിയുടെ ട്വീറ്റുകൾ. ‘രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഇടങ്ങളിൽനിന്നൊക്കെ സ്ത്രീകൾ അപ്രത്യക്ഷരായിക്കഴിഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സന്നദ്ധ സംഘടനകളുടെ ഓഫീസുകൾ പരിശോധിക്കുകയും പ്രവർത്തകരെ ചോദ്യംചെയ്യുകയുമാണ്. സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നിർദേശവും ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട സ്ത്രീ അവകാശ പ്രവർത്തകർക്കൊക്കെ ഫോണിലൂടെയും മെസ്സേജുകളിലൂടെയും സാമൂഹ്യമാധ്യമങ്ങൾ വഴിയും ഭീഷണികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്’, സമീറ ഹമീദി പറയുന്നു.

മുൻപ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കൈയ്യടക്കിയിരുന്ന കാലത്തും സ്ത്രീകളും പെൺകുട്ടികളുമാണ് ഏറ്റവും വലിയ അടിച്ചമർത്തലുകൾക്ക് വിധേയരായത്. അവർ അധികാരത്തിലിരുന്ന 1992-2001 കാലത്ത് നടപ്പിലാക്കിയ കരാള നിയമങ്ങളൊക്കെ തിരിച്ചുവരുമെന്ന ഭീതിയാണ് ജനങ്ങൾക്കുള്ളത്. ശരിഅത്ത് നിയമം എന്ന പേരിൽ സ്ത്രീകൾക്ക് ജോലിയും വിദ്യാഭ്യാസവും നിർബന്ധപൂർവം നിഷേധിക്കുകയാണ് അന്നുണ്ടായത്. വീടിന് പുറത്തിറങ്ങണമെങ്കിൽ ശരീരമാകസകലം മൂടുന്ന വസ്ത്രം ധരിക്കണം. കുടുംബത്തിലെ പുരുഷ അംഗത്തിനൊപ്പമേ പുറത്തിറങ്ങാൻ പാടുള്ളൂ. നിയമം ലംഘിക്കപ്പെട്ടാൽ താലിബാൻ പോലീസിന്റെ കടുത്ത മർദ്ദനമുറകൾക്ക് ഇരയാകേണ്ടിവരും.

ഇത്തവണ അധികാരം പിടിച്ച ശേഷം സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റംവരുത്തുമെന്നും മതം അനുശാസിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുമെന്നും താലിബാൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇസ്ലാം അനുവദിക്കുന്ന വിധത്തിൽ ജോലിക്കും വിദ്യാഭ്യാസത്തിനും സ്ത്രീകൾക്ക് അവസരമുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ കാര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് അഫ്ഗാനിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

സ്ത്രീകൾ വീട്ടിനുള്ളിൽത്തന്നെ കഴിയാനാണ് താലിബാൻ നിർദേശിച്ചിരിക്കുന്നത്. സ്ത്രീകളെ വേണ്ടവിധത്തിൽ ബഹുമാനിക്കുന്നതിനുള്ള പരിശീലനം തങ്ങളുടെ സംഘാംഗങ്ങൾക്ക് നൽകിയിട്ടില്ലെന്ന മുന്നറിയിപ്പും അവർ സ്ത്രീകൾക്ക് നൽകുന്നുണ്ട്. ഓഫീസുകൾ, ബാങ്കുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന സ്ത്രീകളോടെല്ലാം പുറത്തിറങ്ങരുതെന്നും വീടുകളിൽ കഴിയാനും നിർദേശിച്ചുകഴിഞ്ഞു’, സമീറ ഹമീദി പറയുന്നു.

രാജ്യത്തെ നിരവധി പ്രമുഖ വനിതാ മാധ്യമപ്രവർത്തകർക്ക് താലിബാന്റെ താക്കീത് ലഭിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് എത്തുന്നതും ജോലി ചെയ്യുന്നതും വിലക്കിയതായി ചില മാധ്യമപ്രവർത്തകർ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജോലിക്കെത്തിയ തനിക്ക് ഓഫീസിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് അഫ്ഗാനിലെ പ്രമുഖ മാധ്യമമായ ആർ.ടി.എ (റേഡിയോ ടെലിവിഷൻ അഫ്ഗാനിസ്താൻ) യിലെ മാധ്യമപ്രവർത്തകയായ ഷബ്നം ഖാൻ ദവ്രാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

‘ഇനിയങ്ങോട്ട് നടക്കുന്ന ഭരണപരമായ എല്ലാ ആലോചനകളിൽനിന്നും സ്ത്രീകൾ തുടച്ചുനീക്കപ്പെടുകയാണ്. സ്കൂളുകളിലും സർവകലാശാലകളിലുമെല്ലാം ലിംഗപരമായ വേർതിരിവുകളോടെയുള്ള പഠനമാണ് നടക്കുക. സർക്കാർ സംവിധാനങ്ങളിൽ സ്ത്രീകൾക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി താലിബാൻ കരുതുന്നില്ല. രാജ്യത്തെ പ്രമുഖരായ വനിതാ പൊതുപ്രവർത്തകരൊക്കെ ഭീതിയിലാണ് കഴിയുന്നത്. പലരുടെയും ജീവന് ഭീഷണിയുണ്ട്’, സമീറ ഹമീദി ചൂണ്ടിക്കാട്ടുന്നു.

താലിബാന്റെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവർത്തിക്കുന്ന പഷ്താന ദുരാനി പറയുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇടപെടാനുള്ള താലിബാന്റെ ശ്രമം ചെറുക്കാൻ തന്നെയാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ‘പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ ഓൺലൈൻ ലൈബ്രറികളിലൂടെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. ഇന്റർനെറ്റ് വിച്ഛേദിച്ചാൽ വീടുകളിൽ പുസ്തകങ്ങളെത്തിക്കും. അതും തടഞ്ഞാൽ രഹസ്യമായി വിദ്യാലയങ്ങൾ ആരംഭിക്കും’, പഷ്താന ദുരാനി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week