ലഖ്നൗ: കാമുകിക്കൊപ്പം ജീവിക്കാൻ യുവാവ് ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി. ശേഷം വേറൊരാളെ കൊലപ്പെടുത്തുകയും ആ മൃതദേഹം ഉപയോഗിച്ച് താൻ കൊല്ലപ്പെട്ടതായി മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സംസ്ഥാനത്ത് മറ്റൊരു പേരിൽ ജീവിതം. മൂന്നുവർഷത്തെ അന്വേഷണത്തിനൊടുവിൽ കേസിൻറെ സങ്കീർണതകളഴിച്ച് ഉത്തർ പ്രദേശ് പോലീസ് പ്രതിയെ പിടികൂടി.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽനിന്നാണ് കൊടുംക്രൂരതയുടെ വാർത്ത പുറത്തെത്തുന്നത്. മൂന്നുകൊല്ലം മുൻപ്, 2018- ഫെബ്രുവരിയിലാണ് രാകേഷ് എന്നയാൾ ഭാര്യയെയും മൂന്നും ഒന്നരയും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം അവിടം സിമന്റിട്ട് മൂടുകയും ചെയ്തു. തുടർന്ന് മക്കളെയും ഭാര്യയെയും കാണാനില്ലെന്ന് പോലീസിൽ പരാതിയും നൽകി. ഭാര്യ മക്കളെയും കൊണ്ട് വീടുവിട്ടുപോയി എന്നായിരുന്നു രാകേഷ് പരാതിയിൽ ഉന്നയിച്ചിരുന്നതെന്ന് കസ്ഗഞ്ച് പോലീസ് മേധാവി രോഹൻ പ്രമോദ് ബോത്രെ പറഞ്ഞു.
ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ലബോറട്ടറിയിൽ പാത്തോളജിസ്റ്റായി ജോലി ചെയ്തിരുന്ന ആളാണ് മുപ്പത്തിനാലുകാരനായ രാകേഷ്. യു.പി. പോലീസിലാണ് ഇയാളുടെ കാമുകി ജോലി ചെയ്യുന്നത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രാകേഷിനെയും കാമുകിയെയും മൂന്ന് കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് യു.പി. പോലീസിൽനിന്ന് വിരമിച്ചയാളാണെന്നും കുറ്റകൃത്യത്തിന്റെ വിവിധഘട്ടങ്ങളിൽ രാകേഷിന് കുടുംബത്തിന്റെ സഹായം ലഭിച്ചതായും പോലീസ് പറയുന്നു.
A missing-cum-kidnapping complaint was filed in Feb 2018 in Bisrat by a father who alleged that his daughter, her 2 kids were kidnapped by his son-in-law Rakesh. In Apr 2018, Kasganj PS reported that Rakesh was murdered.The same person has been found alive now: ADCP,Central Noida pic.twitter.com/3yb5zl6Ao8
— ANI UP/Uttarakhand (@ANINewsUP) September 2, 2021
ബുധനാഴ്ചയാണ് ഗ്രേറ്റർ നോയിഡയിലെ രാകേഷിന്റെ വീടിനുള്ളിൽനിന്ന് പോലീസുകാർ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. കുഞ്ഞുങ്ങളുടെ ചെരിപ്പ് ഉൾപ്പെടെയുള്ളവ മണ്ണിൽ പുതഞ്ഞുകിടക്കുന്നത് കാണാമായിരുന്നു.മൂന്നുവർഷത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസിന് കൊലപാതകങ്ങളുടെയും കൊലപാതക നാടകത്തിന്റെയും ചുരുൾ നിവർത്താനായത്. മകളെയും കൊച്ചുമക്കളെയും കാണാതായി കുറച്ചുമാസങ്ങൾക്കു ശേഷം, രാകേഷിന്റെ ഭാര്യാപിതാവ് കോടതിയെ സമീപിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലും സ്ത്രീധന പീഡനവും ആരോപിച്ചായിരുന്നു പരാതി. നോയ്ഡ പോലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ വിവരമൊന്നും ലഭിച്ചില്ല.
ഭാര്യയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കുറച്ചുമാസങ്ങൾക്കു ശേഷമാണ് രാകേഷ് സ്വന്തം കൊലപാതക നാടകം ആവിഷ്കരിച്ചത്. പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുക എന്നതായിരുന്നു ഇതുകൊണ്ട് രാകേഷ് ലക്ഷ്യംവെച്ചത്. രാകേഷും കാമുകിയും ചേർന്ന് രാകേഷിന്റെ ഗ്രാമവാസിയായ മറ്റൊരു യുവാവിനെ കൊലപ്പെടുത്തി. രാകേഷുമായി രൂപസാദൃശ്യമുള്ളയാളായിരുന്നു ഇത്.
കൊലപ്പെടുത്തിയ ശേഷം അയാളുടെ കഴുത്തും കൈകളും രാകേഷും കാമുകിയും ചേർന്ന് മുറിച്ചുമാറ്റി കത്തിച്ചു. മൃതദേഹത്തിന്റെ ഉടലിൽ സ്വന്തം വസ്ത്രം ധരിപ്പിക്കുകയും തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെ അതിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. രാകേഷിന്റെ മൃതദേഹമാണ് അതെന്ന് വിശ്വസിപ്പിക്കാനുള്ള നീക്കമായിരുന്നു അത്.
രാകേഷിന്റേത് എന്ന വിധത്തിൽ, തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ പോലീസ് ഡി.എൻ.എ. പരിശോധന നടത്തി. ഒരുമാസം മുൻപാണ് മൃതദേഹം രാകേഷിന്റേത് അല്ലെന്ന പരിശോധനാഫലം പോലീസിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ഹരിയാണയിൽ ദിലീപ് ശർമ എന്ന പേരിൽ രാകേഷ് പുതിയ ജീവിതം ആരംഭിച്ചിരുന്നു. കിഴക്കൻ ഉത്തർ പ്രദേശിലെ കുഷിനഗർ ജില്ലയിൽനിന്നാണ് താൻ വരുന്നതെന്നായിരുന്നു ജോലി ചെയ്ത സ്ഥാപനത്തിൽ പറഞ്ഞിരുന്നത്. പാത്തോളജിസ്റ്റായാതിനാൽ, വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ എങ്ങനെ നശിപ്പിക്കണമെന്ന് രാകേഷിന് അറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.