25.4 C
Kottayam
Friday, May 17, 2024

ചില്ലറയെച്ചൊല്ലിയുള്ള തർക്കം; കണ്ടക്‌ടർ ബസിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട വയോധികൻ മരിച്ചു

Must read

തൃശൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോ‌ടുന്ന ശാസ്‌താ ബസിന്റെ കണ്ടക്‌ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12ഓടെ പുത്തൻതോപ്പ് ബസ് സ്റ്റോപ്പിന് സമീപത്തുവച്ചായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് യാത്രക്കാർ പറയുന്നതിങ്ങനെ: കരുവന്നൂർ രാജാകമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസിൽ കയറിയത്. ബംഗ്ളാവിനടുത്തുള്ള കെ എസ് ഇ ബി ഓഫീസിൽ വൈദ്യുതി ബില്ലടയ്ക്കാൻ പോവുകയായിരുന്നു അദ്ദേഹം. ടിക്കറ്റ് എടുക്കാൻ പവിത്രൻ 10 രൂപ നൽകിയപ്പോൾ 13 രൂപയാണ് ചാർജ് എന്ന് കണ്ടക്‌ടർ പറഞ്ഞു. പവിത്രൻ കൈവശമുണ്ടായിരുന്ന 500 രൂപ നൽകി. തിരിച്ച് 480 രൂപയാണ് രതീഷ് നൽകിയത്. ബാക്കി തുകയുടെ പേരിൽ തർക്കമുണ്ടായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിയുകയും ചെയ്തു. തുടർന്ന് പുത്തൻത്തോപ്പ് സ്റ്റോപ്പ് എത്തിയപ്പോൾ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ രതീഷ് പിന്നിൽ നിന്ന് ചവിട്ടിത്തള്ളിയിടുകയായിരുന്നു. റോഡരികിലെ കല്ലിൽ തലയിടിച്ചാണ് പവിത്രൻ വീണത്. വീണുകിടന്ന പവിത്രനെ കണ്ടക്‌ടർ വീണ്ടും മർദ്ദിക്കുകയും ചെയ്തു.

സംഭവം കണ്ട നാട്ടുകാരാണ് രതീഷിനെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിൽ എത്തിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു പവിത്രൻ. സംഭവദിവസം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കണ്ടക്‌ടറെയും ബസിനെയും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രന്റെ മരണത്തിൽ രതീഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week