യുവതി നാലു വയസുള്ള കുഞ്ഞുമായി ഫ്‌ളാറ്റിന്റെ പതിനേഴാം നിലയില്‍ നിന്ന് ചാടി
ന്യൂഡല്‍ഹി: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് 28കാരിയായ യുവതി നാല് വയസുള്ള കുഞ്ഞുമായി ഫ്ളാറ്റിന്റെ 17ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഗ്രെയ്റ്റര്‍ നോയിഡയിലാണ് നടുക്കുന്ന സംഭവം. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സ്വന്തം നാടായ സംഭലിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കോളജ് വിദ്യാര്‍ത്ഥിനിയായ ഭര്‍ത്താവിന്റെ സഹോദരിയുമായുണ്ടായ വഴക്കിന് പിന്നാലെയാണ് യുവതി കുഞ്ഞുമായി 17ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഫ്ളാറ്റിലെ മറ്റ് താമസക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചതായി പോലീസ് വ്യക്തമാക്കി.
സ്ഥലത്തെത്തിയ പോലീസ് ഇവര്‍ താമസിച്ച ഫ്ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരി മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇവരുടെ മുഖത്ത് മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ ഭര്‍ത്താവിന്റെ സഹോദരി ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്.
ഇടയ്ക്ക് സഹോദരന്റെ ഫ്ളാറ്റിലെത്താറുള്ള വിദ്യാര്‍ത്ഥിനിയും യുവതിയും തമ്മില്‍ സംഭവ ദിവസം കാര്യമായ വഴക്കുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. വിദ്യാര്‍ത്ഥിനിക്ക് മുഖത്തടക്കം സാരമായ പരിക്കേറ്റതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികമായി പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടിലേക്ക് പോയ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.