അച്ഛന്റെ ഓഫീസില്‍ വച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്; ഒമ്പതാം വയസില്‍ പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത്; യുവതിയുടെ കുറിപ്പ്
പല സ്ത്രീകളും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യം കാണിക്കാറില്ല. ചിലര്‍ മാത്രമാണ് സധൈര്യം തുറന്നു പറയാന്‍ തയ്യാറാകുന്നത്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ചുള്ള യുവതിയുടെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരിന്നു തുറന്നുപറച്ചില്‍. അച്ഛന്റെ ഓഫീസില്‍ വച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. ഒന്‍പതാം വയസില്‍ പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത്. ഓഫീസില്‍ വച്ച് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്നെ അച്ഛന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി.
വെള്ളം നല്‍കിയ ശേഷം അയാള്‍ എന്നെ മടിയിലിരുത്തി. അതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. തുടര്‍ന്ന് അയാള്‍ വസ്ത്രത്തിനുള്ളിലൂടെ എന്റെ നെഞ്ചില്‍ സ്പര്‍ശിച്ചു. എന്നാല്‍ അത് മോശം സ്പര്‍ശനമാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ആരും എനിക്ക് തെറ്റും ശരിയും പറഞ്ഞു നല്‍കിയില്ല.
ഒരിക്കല്‍ അങ്ങനെ ചെയ്തതിനു ശേഷം ഞങ്ങള്‍ താഴേക്ക് ഇറങ്ങി. പക്ഷേ ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. ആ പ്രായത്തില്‍ അത് തെറ്റാണെന്നു പോലും എനിക്ക് അറിവില്ലായിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം വീണ്ടും അതു തന്നെ സംഭവിച്ചു. കാറില്‍ എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ഷാളിന്റെ മറവില്‍ അയാള്‍ എന്നെ സ്പര്‍ശിച്ചു. പക്ഷേ, അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല. പ്രതികരിച്ചാലും എന്നില്‍ കുറ്റം ആരോപിക്കപ്പെടും. അയാള്‍ മോശമായി സ്പര്‍ശിച്ചതിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. അയാളെ പിന്നീട് ഒരിക്കലും കണ്ടില്ലെന്നും യുവതി പറയുന്നു.
‘പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ക്ക് പുതിയ ഡ്രൈവര്‍ വന്നു. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും കാറില്‍ മാത്രമായപ്പോള്‍ അയാള്‍ എന്നെ ഇക്കിളിപ്പെടുത്താന്‍ തുടങ്ങി. പക്ഷേ, അയാള്‍ മോശമായ രീതിയിലാണ് എന്നെ സ്പര്‍ശിച്ചതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ പ്രതികരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അയാള്‍ എന്നെ നിര്‍ബന്ധിച്ചു പോണ്‍ വിഡിയോകള്‍ കാണിച്ചു.
ആ രംഗങ്ങള്‍ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചു. ഒരിക്കല്‍ വീട്ടില്‍ ഞാന്‍ തനിച്ചായ ദിവസം അയാള്‍ ഉപദ്രവിച്ചു. അടുക്കളയില്‍ വച്ച് അയാള്‍ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. നിന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. അത് എന്നെ അയാളുമായി അടുപ്പിച്ചു. ഇത്തരം ചൂഷണങ്ങള്‍ അയാള്‍ വിവാഹിതനാകുന്നതു വരെയും തുടര്‍ന്നു.
എല്ലാം എന്റെ തെറ്റാണെന്ന തോന്നല്‍ എന്നിലുണ്ടാക്കാന്‍ അയാള്‍ക്കു സാധിച്ചിരുന്നു. എനിക്ക് സംഭവവിച്ച കാര്യങ്ങള്‍ക്കെല്ലാം തെറ്റുകാരി ഞാനാണെന്ന തോന്നല്‍ എനിക്കുണ്ടായി. കുറ്റബോധം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞു. അവര്‍ മാതാപിതാക്കളോട് ഇക്കാര്യം പറയാന്‍ എന്നോട് ആവശ്യപ്പെട്ടു.
അപ്പോഴും എനിക്ക് ഭയമായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് അയാള്‍ പറഞ്ഞിരുന്നു. അക്കാര്യം എന്നെ ഭയപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരുദിവസം അയാള്‍ക്കൊപ്പമുള്ള യാത്ര ഞാന്‍ നിരസിച്ചു. അച്ഛനും അമ്മയും എന്താണു കാര്യം എന്ന് ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. കഴിഞ്ഞ രാത്രി അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. ഈ വാക്കുകള്‍ കേട്ടതോടെ എന്റെ അച്ഛന്‍ ആകെ തകര്‍ന്നു പോയി. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഒരു ഭാരം ഇറക്കിവച്ചതായി എനിക്ക് തോന്നി.
ആ സംഭവം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചികിത്സ തുടങ്ങി. അപ്പോള്‍ എനിക്ക് സംഭവിച്ച കാര്യങ്ങളൊന്നും എന്റെ തെറ്റുകൊണ്ട് വന്നതല്ലെന്ന് എനിക്ക് വ്യക്തമായി. അയാളോട് ഇക്കാര്യത്തെ കുറിച്ച് പറയാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ അപ്പോള്‍ തന്റെ മക്കളെയോര്‍ത്ത് ഇക്കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് അയാള്‍ ആവശ്യപ്പെട്ടു. അയാളുടെ തെറ്റാണ് എല്ലാമെന്ന് അയാള്‍ സമ്മതിച്ചു. അന്ന് മുതല്‍ ഒന്നും എന്റെ തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി തുടങ്ങി.
ഒരു വര്‍ഷമായി സ്വയം കുറ്റപ്പെടുത്തുന്നതില്‍ നിന്നും ആ സംഭവത്തില്‍ നിന്നുണ്ടായ ഞെട്ടലില്‍ നിന്ന് ഞാന്‍ മോചിതയായിരിക്കുന്നു. കൂടെ നിന്ന മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുകയാണ്. ഒരു അഭിഭാഷകയാകുക എന്നതാണ് എന്റെ ലക്ഷ്യം. ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ജിഒയില്‍ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ആ ദുരിതകാലം തരണം ചെയ്തു. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മറ്റാര്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുകയാണെന്നും യുവതി പറയുന്നു.