KeralaNews

ചങ്ങനാശേരിയില്‍ പെൺകുട്ടിക്കുനേരെ അതിക്രമം; ജനക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ അടിച്ച് അക്രമിസംഘം

ചങ്ങനാശേരി ∙ രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ‌‌ അതിക്രമം. തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ മുളകുസ്പ്രേ പ്രയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കൾ. സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും പൊലീസെത്തിയത് അരമണിക്കൂറിനു ശേഷമെന്ന് ആക്ഷേപം.

സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാർ പിന്നീടു കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം. 

പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെൺകുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവർമാരും യുവാവിനെ തട‍ഞ്ഞുവച്ച് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ, ഈ സമയം റോഡിലൂടെ നടന്നുവന്ന 2 യുവാക്കൾ ആൾക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടിപ്പോയി.

പിന്നാലെ സ്ഥലത്തെത്തിയ ജോബ് മൈക്കിൾ എംഎൽഎയും പൊലീസിനെ വിളിച്ചു. എന്നാൽ, ഏറെക്കഴിഞ്ഞാണു പൊലീസ് സംഘം 2 ജീപ്പുകളിലെത്തിയത്. കൃത്യസമയത്തെത്താതിരുന്ന പൊലീസിനെ എംഎൽഎ ശകാരിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button