KeralaNewspravasi

പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ്: ഡിവിഡന്റ് പദ്ധതിയില്‍ 325 കോടി നിക്ഷേപം, ആനുകൂല്യം കിട്ടിത്തുടങ്ങി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന ദീര്‍ഘകാല ആവശ്യവും നിര്‍വ്വഹിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ സമാപനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2019 ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികള്‍ക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നല്‍കിയിട്ടുണ്ട്.

2019 ലെ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതല്‍ നല്‍കിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ സ്‌കീം വികസിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്.

മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും രോഗബാധിതര്‍ക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴില്‍ നഷ്ടമായി തിരികെ വന്നവര്‍ക്ക് വായ്പാ ധനസഹായത്തിനായി എന്‍.ഡി.പ്രേം, നോര്‍ക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുത നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തില്‍ പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തില്‍ നടപ്പിലാക്കേണ്ടതാണ്.

സീസണ്‍ കാലത്ത് വലിയ തോതില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. വിനോദസഞ്ചാരികള്‍, ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകുന്നവരില്‍ നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.

ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവില്‍ കപ്പല്‍ യാത്ര യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്കാ റൂട്‌സും മാരിടൈം ബോര്‍ഡും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്കുള്ള നിയമസഹായം നല്‍കിവരുന്നുണ്ട്. ഈ മാതൃകയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഓഷ്യാനിയ, സെന്‍ട്രല്‍ ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കല്‍ പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാന്‍ വ്യക്തികള്‍ക്കു പകരം ലീഗല്‍ ഫേമുകളെ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker