NationalNews

ആശുപത്രിയിൽ വൻ തീപിടിത്തം, കുട്ടികളടക്കം യു പിയിൽ 12 പേരെ രക്ഷിച്ചു, അഗ്നിരക്ഷാ സേന രംഗത്ത്

ബാഗ്‌പഥ്: ഉത്തർ പ്രദേശിലെ ബാഗ്‌പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്‌പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്‌ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ തെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുകയും പ്രദേശത്തുണ്ടായി.

തീ ആളിപ്പട‌ർന്നതോടെ വലിയ അങ്കലാപ്പാണ് സ്ഥലത്തുണ്ടായത്. 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയ‌ർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ഏഴ് കുഞ്ഞുങ്ങൾ മരിച്ച അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് രാജ്യത്ത് മറ്റൊരു ആശുപത്രിയിൽ അഗ്നിബാധ ഉണ്ടായത്. കിഴക്കൻ ഡൽഹിയിൽ വിവേക് നഗറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.

ആശുപത്രിയ്ക്ക് നൽകിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

വെറും അഞ്ച് ബെഡുകൾക്കാണ് അനുമതി നൽകിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കൾ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്ദാര സുരേന്ദ്ര ചൗധരി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല. ബിഎഎംഎസ് ഡിഗ്രിയാണ് ഇവർക്കുണ്ടായിരുന്നത്.

ആശുപത്രിയിൽ ഒരിടത്തും അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല മാത്രമല്ല ഗാർഹിക ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടമാണ് ആശുപത്രിയാക്കി മാറ്റിയതെന്നും ആക്ഷേപമുണ്ട്. ഡൽഹി നഴ്സിംഗ് ഹോം നിയമപ്രകാരം രജിസ്റ്റർ ചെയ്തല്ല ആശുപത്രി പ്രവർത്തിച്ചിരുന്നത്.

ഇത്തരത്തിൽ നിയമലംഘനങ്ങൾ മുന്നിൽകണ്ട് ആശുപത്രി ഡയറക്ടർ നവീൻ കിച്ചിയെ അറസ്റ്റ് ചെയ്യുകയാണെന്നും അപകട സമയത്ത് ജോലിയിലുണ്ടായിരുന്ന ഒരു ഡോക്ടറെയും അറസ്റ്റ് ചെയ്‌തെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഡോ. നവീൻ കിച്ചിയ്ക്ക് ഇത്തരത്തിൽ ഡൽഹിയിൽ മൂന്ന് സ്ഥാപനങ്ങൾ കൂടിയുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button