സുഹൃത്തിന്റെ വീട്ടിലെത്തി 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു; യുവതി അറസ്റ്റില്‍
ബംഗളൂരു: സുഹൃത്തിന്റെ വീട്ടിലെത്തി 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. പശ്ചിമ ബംഗളൂരുവിലെ പദരായണപുരയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബെന്‍സണ്‍ ടൗണ്‍ സ്വദേശിനിയായ അസ്ര സിദ്ദിഖിയാണ്(26) അറസ്റ്റിലായത്.
ചൊവ്വാഴ്ച സഹപാഠിയായിരുന്ന റൂഹിനാസിന്റെ വീട്ടിലെത്തിയ അസ്ര രാത്രി 8.30ഓടെ അത്താഴം കഴിഞ്ഞ് മടങ്ങിപ്പോയിരുന്നു. വസ്ത്രം മാറാനെന്ന വ്യാജേന സിദ്ദിഖി തന്റെ കിടപ്പുമുറിയില്‍ മൂന്ന് തവണയെങ്കിലും പോയിരുന്നതായി റൂഹിനാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രി 11 മണിയോടെ റൂഹിനാസ് പുതുതായി വാങ്ങിയ പെര്‍ഫ്യൂം മുറിയില്‍ വയ്ക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. 11 ലക്ഷം രൂപ വിലമതിക്കുന്ന 206 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
തുടര്‍ന്ന് റൂഹിനാസ് ജെജ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് നടപടിയെടുക്കുകയും അസ്രയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ആദ്യം നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രതി പിന്നീട് കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയുടെ വാട്ടര്‍ ടാങ്കിനടിയില്‍ അസ്ര ഒളിപ്പിച്ച സ്വര്‍ണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.