ബെംഗളൂരു: യുവതിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ ഗൊട്ടിഗേരെ സ്വദേശിനി ചന്ദ്രകല(19)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
അതേസമയം, മുന്‍കാമുകനായ അരുണിന്റെ ഉപദ്രവം കാരണമാണ് ചന്ദ്രകല ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. അടുത്തിടെ മറ്റൊരാളുമായി ചന്ദ്രകലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുപിന്നാലെ മുന്‍കാമുകന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും നിരന്തരം ശല്യംചെയ്‌തെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
അരുണും ചന്ദ്രകലയും നേരത്തെ അടുപ്പത്തിലായിരുന്നു. സഹോദരിയുടെ വിവാഹത്തിന് ശേഷം ചന്ദ്രകലയെ വിവാഹം കഴിക്കാമെന്നായിരുന്നു അരുണിന്റെ വാഗ്ദാനം. എന്നാല്‍, സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടും അരുണ്‍ വിവാഹത്തിന് സമ്മതിച്ചില്ല. ചന്ദ്രകലയുടെ അമ്മ അരുണിന്റെ കുടുംബവുമായി സംസാരിച്ചെങ്കിലും ഇവരും വിവാഹത്തിന് എതിരായിരുന്നു.
മകനെ കൊണ്ട് ചന്ദ്രകലയെ വിവാഹം കഴിപ്പിക്കാനാകില്ലെന്നായിരുന്നു അരുണിന്റെ അമ്മയുടെ നിലപാട്. ഇതോടെ മകളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും മകളെ ശല്യപ്പെടുത്തരുതെന്നും ചന്ദ്രകലയുടെ അമ്മ ആവശ്യപ്പെട്ടു. അടുത്തിടെ മറ്റൊരാളുമായി ചന്ദ്രകലയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍, വിവാഹനിശ്ചയം കഴിഞ്ഞിട്ടും അരുണ്‍ ചന്ദ്രകലയുമായി ബന്ധം തുടരാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ പരാതി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)