മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്.

ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവതി രക്ഷിതാക്കള്‍ക്കൊപ്പമാണ് പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.

ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്.

ഇതിനിടെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് പോലീസ് 24 മണിക്കൂര്‍ നേരത്തേക്ക് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. ഇയാള്‍ വിസമ്മതിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സാധിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News