കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടുറോഡില്‍ നായകള്‍ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ ജോലിക്ക് പോകുകയായിരുന്ന യുവതിയെ നായ്ക്കള്‍ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല.
ഈ നായക്കള്‍ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേല്‍പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഉടമകള്‍ക്ക് താക്കീത് നല്‍കിയിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ അശ്രദ്ധമായി വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം ഇതേ നായകളുടെ ആക്രമണത്തിൽ പ്രദേശവാസിയായ പ്രഭാകരൻ എന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്റ്റേറ്റിന് സമീപത്തുവച്ചുണ്ടായ സംഭവത്തിൽ തലയ്ക്കും കൈക്കും മുതുകിലുമെല്ലാം പരിക്കേറ്റ പ്രഭാകരനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രഭാകരൻ.
ഇതേ നായ്ക്കൾ നേരത്തെ പ്രദേശത്തെ മറ്റൊരു സ്ത്രീയെയും കടിച്ച് പരിക്കേൽപിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നിൽ തടിച്ചു കൂടിയ നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.