26.9 C
Kottayam
Thursday, May 16, 2024

രാജ്യം മൂന്നാം തരംഗത്തിലേക്ക്?: 24 മണിക്കൂറിനിടെ 13,154 രോഗബാധിതർ; ഒമിക്രോണ്‍ കേസുകളും ഉയരുന്നു

Must read

ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം രാജ്യത്ത് കോവിഡ് കേസുകളിലും വൻ വർധനവ്. മൂന്നാം തരംഗത്തിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് കേസുകൾ വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂരിനിടെ രാജ്യത്ത് 13,154 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുൻ ദിവസത്തെക്കാൾ 45 ശതമാനം അധികമാണ് പുതിയ രോഗികളുടെ എണ്ണം. 1.01% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യത്ത് 268 പേർ കോവിഡ് ബാധിച്ച് മരിച്ചു. 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡ് കേസുകൾ വർധിക്കുന്നതിനോടൊപ്പം രാജ്യത്ത് ഒമിക്രോൺ കേസുകൾ ആയിരത്തിലേക്ക് അടുക്കുകയാണ്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 961 ആയി. ഒമിക്രോൺ ബാധിച്ച 320 പേരാണ് ഇതുവരെ രോഗമുക്തരായത്. ഡൽഹിയിലാണ് ഏറ്റവും അധികം ഒമിക്രോൺ കേസുകൾ. 263 പേർക്ക് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്.

രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾക്കും രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. മുംബൈ നഗരത്തിൽ അടുത്ത മാസം ഏഴാം തീയിതി വരെ കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്തെ മെട്രോ നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഒമിക്രോൺ വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. പ്രതിരോധ മാർഗങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ലോകത്താകമാനം കോവിഡ് കേസുകളുടെ സുനാമിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റയും ഒമിക്രോണും ഇരട്ട ഭീഷണിയാണെന്നും അതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കൂടുതൽ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റയും ചേർന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week