ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം; കൊവിഡ് രോഗികളില്‍ 46% ഒമിക്രോണ്‍ ബാധിതര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍ വകഭേദം ബാധിച്ചത് വഴിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
വിദേശത്ത് യാത്ര ചെയ്യാത്തവര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിതെന്നും മന്ത്രി പറഞ്ഞു. 115 സാമ്പിളുകളാണ് ജനിതക ശ്രേണീകരണത്തിന് വിധേയമാക്കിയത്. ഇതില്‍ 46 കേസുകളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.
ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് കേസുകളില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 923 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു മുന്‍പത്തെ ദിവസം 496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. ഒമൈക്രോണ്‍ കേസുകള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഏറ്റവുമധികം പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. 263 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്. 252 പേരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയത്.
മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാന്‍ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.