30.6 C
Kottayam
Monday, April 29, 2024

കിണറ്റിൽ വീണ കാട്ടാനയെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കും; പ്രദേശത്ത് നിരോധനാജ്ഞ

Must read

കോതമംഗലം:കോതമംഗലം∙ കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. വൈകിട്ട് നാലുമണിക്കുശേഷം വെടിവയ്ക്കാനാണു തീരുമാനം. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വയ്ക്കുമെന്ന് മലയാറ്റൂർ ഡിഎഫ്ഒ പറഞ്ഞു. ഇതിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്കു നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെ കിണറ്റിൽ വീണ ആനയെ പുറത്തെടുക്കാനുള്ള തീവ്രശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥർ തുടരുകയാണ്. മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറിന് അടുത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

കഴിഞ്ഞ 12 മണിക്കൂറോളമായി ആന ചതുരാകൃതിയിലുള്ള കിണറ്റിലാണ്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ അധികൃതർ ദൂരേക്കു മാറ്റുകയാണ്. പുലർച്ചെ രണ്ടരയോടെയാണു കാട്ടാനക്കൂട്ടത്തിലെ 10 വയസ്സു തോന്നിക്കുന്ന കൊമ്പൻ ആഴം കുറഞ്ഞ കിണറ്റിൽ വീഴുന്നത്. രാവിലെ എട്ടുമണിയോടെയാണ് ആന കിണറ്റിൽനിന്ന് സ്വയം കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്കു കയറാനാണ് ആന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്തു മുറിവേറ്റിട്ടുണ്ട്. ആന നിലവിൽ ക്ഷീണിതനായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങള്‍

1. മനുഷ്യ-മൃഗ സംഘർഷത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സഹകരണം സ്ഥലത്തെ ജനങ്ങൾ ലഭ്യമാക്കണം.
2. ദുരന്ത പ്രതികരണം ഏത് രീതിയിൽ വേണം എന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കും
3. ആനയെ കരകയറ്റിയ ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും തദേശ സ്ഥാപന വകുപ്പും കൂടി ആലോചിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ തുടർ നടപടി സ്വീകരിക്കും 
4. ആനയെ കരയ്ക്ക് എത്തിക്കുന്ന അവസരത്തിൽ ആക്രമണ സ്വഭാവം കാണിക്കാനും വിവിധ ദിശകളിൽ ഓടാനും സാധ്യത ഉണ്ട് എന്നതിനാൽ പ്രദേശവാസികള്‍ കിണറിൽ നിന്നും ചുരുങ്ങിയത് 500 മീറ്റർ അകലം പാലിക്കണം
5. രക്ഷാപ്രവർത്തനം കാണാൻ മറ്റ് പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരം എന്ന നിലയിൽ പ്രസ്തുത സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കുക
6. ദുരന്ത പ്രതികരണത്തിന് തടസം നിന്നാൽ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടികൾ നേരിടേണ്ടിവരും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week