31.7 C
Kottayam
Monday, May 13, 2024

രണ്ടാഴ്ചക്കുള്ളില്‍ കൊറോണ വാക്‌സിന്റെ ട്രയല്‍ ഫലം അറിയാന്‍ സാധിക്കും; ശുഭപ്രതീക്ഷ പങ്കുവെച്ച് ലോകാരോഗ്യ സംഘടന

Must read

ജനീവ: രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്റെ ട്രയല്‍ ഫലം അറിയാന്‍ സാധിക്കുമെന്ന ശുഭവാര്‍ത്ത പങ്കുവെച്ച് ലോകാരോഗ്യ സംഘടന. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളില്‍ നിന്നായി 5500 രോഗികളില്‍ സോളിഡാരിറ്റി ട്രയല്‍ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍.

സോളിഡാരിറ്റി ട്രയലിന്റെ ഭാഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് കെയര്‍, റെംഡിസിവര്‍, മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, എച്ച് ഐ വി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലോപിനാവിര്‍, റിറ്റോണാവിര്‍, ശരീരത്തിലെ പ്രോട്ടീനുകളുമായി സംയോജിച്ചുള്ള ലോപിനാവിര്‍, റിറ്റോണാവിര്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നീ ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പരിശോധന മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മാത്രമല്ല ചില പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ത്തി വച്ചത്. കൊവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ കൊവിഡിനെതിരെ എപ്പോള്‍ വാക്‌സിന്‍ കണ്ടെത്തും എന്ന കാര്യത്തില്‍ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം. അഥവാ ഈ വര്‍ഷാവസാനത്തോടെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ അവ എങ്ങനെ വന്‍തോതില്‍ ഉത്പാദിപ്പിക്കുമെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week