KeralaNews

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോൺഗ്രസ്, വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി സജീവം. രാജ്യസഭയില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയില്‍ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്.

വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.

ജോസ് കെ. മാണിയുടെ കാലാവധി ജൂലായ് ഒന്നിന് കഴിയാറായതിനാല്‍ ഒഴിവ് വരുന്ന സീറ്റിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ഇടതുമുന്നിയില്‍ ഉന്നയിക്കാനാണ് സി.പി.ഐ നീക്കം.

അതേസമയം സീറ്റിന്റെ കാര്യത്തില്‍ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം. കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യും

ജൂലായ് ഒന്നിനാണ് സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്.

ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടത് രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.

തിങ്കളാഴ്ച കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗംചേരും. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് അജന്‍ഡയെങ്കിലും രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ചര്‍ച്ചയുണ്ടാകും. സീറ്റ് ധാരണ വരാന്‍ ഇടതുമുന്നണി യോഗംചേരണം. രാജ്യസഭാ സീറ്റ് ഒരെണ്ണം സി.പി.എം. തന്നെ കൈവശംവെക്കുമെന്നാണ് സൂചന.

എളമരം കരീം കോഴിക്കോട്ട് വിജയിച്ചാല്‍ മറ്റൊരാളെ പരിഗണിക്കും. എം. സ്വരാജിന്റെ പേരും പരിഗണനയിലുണ്ട്. രണ്ടാമത്തെ സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.ഐ. തയ്യാറല്ല. ദേശീയതലത്തില്‍ പ്രതിപക്ഷനീക്കങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്ന ഒരാളെന്നനിലയില്‍ ബിനോയ് സഭയില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി കരുതുന്നു. കേരള കോണ്‍ഗ്രനുവേണ്ടി മുമ്പ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കൈവശമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് സി.പി.ഐ. വിട്ടുകൊടുത്തിരുന്നു. മാണി ഗ്രൂപ്പ് തുടര്‍ച്ചയായി ജയിച്ചുവന്ന സീറ്റായതിനാല്‍ അതവര്‍ക്കുതന്നെയെന്ന കാനം രാജേന്ദ്രന്റെ അന്തിമതീര്‍പ്പിലാണ് അന്ന് തര്‍ക്കംതീര്‍ത്തത്. പാര്‍ട്ടിയിലെ രണ്ടാമനെന്നു കരുതുന്ന റോഷി അഗസ്റ്റിന്‍ മന്ത്രിസ്ഥാനം വഹിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്കും പ്രധാനപ്പെട്ട പദവി പാര്‍ട്ടി നേടിക്കൊടുക്കേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker