ഓണ്‍ലൈന്‍ അധ്യാപികമാരെ അവഹേളിച്ച സംഭവം; വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരന്‍
മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ് അഡ്മിന്‍. വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. കേസില്‍ ഇതുവരെ അഡ്മിന്‍ ഉള്‍പ്പെടെ ആറു പേരെ തിരിച്ചറിഞ്ഞതായി സൈബര്‍ ക്രൈം പോലീസ് പറഞ്ഞു. അന്വേഷണം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. വാട്സപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലാണ് അധ്യാപികമാര്‍ക്കെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്.
സന്ദേശം പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂര്‍, എറണാകുളം സ്വദേശികളുമായ വിദ്യാര്‍ത്ഥികളെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അഡ്മിന്‍ പിടിയിലാകുന്നത്.
വിക്ടേഴ്സ് ചാനല്‍ വഴി നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.
അശ്ലീല ട്രോളുകളുടെ രൂപത്തിലടക്കം അധ്യാപകരെ അപമാനിച്ചാല്‍ കേസെടുക്കാനാണ് തീരുമാനം. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ സൈബര്‍വിങ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക നിരീക്ഷണം നടത്തും. അപമാനിക്കുന്ന തരത്തില്‍ കമന്റുകളിട്ടാലും നിയമനടപടി നേരിടേണ്ടി വരും.