കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയത്തിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരിയെ പൊലിസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലേക്ക് രക്ഷിതാക്കൾ വാഹനത്തിൽ കയറ്റി അയച്ച പെൺകുട്ടി ബസിറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു. കുട്ടി ക്ലാസിലെത്തിയില്ലെന്നു രക്ഷിതാക്കളോട് സ്‌കൂൾ അധികൃതർ വിളിച്ചുപറഞ്ഞപ്പോഴാണ് പൊലിസിൽ പരാതി നൽകിയത്.
ഇതേ തുടർന്ന് പൊലിസ് കുട്ടിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാവുകയും ടവർ ലൊക്കേഷൻ നോക്കി അന്വേഷണമാരംഭിക്കുകയുമായിരുന്നു. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിൽ ഒരു സിനിമാതീയേറ്ററിൽ കുട്ടിയെ കണ്ടെത്തി.
ഇൻസ്റ്റൻഗ്രാമിൽ പരിചയപ്പെട്ട 16 വയസുകാരനൊപ്പമാണ് കുട്ടി പുതിയ റിലിസിങ് പടം കാണാനെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് 16 വയസുകാരനെന്ന് പൊലിസ് പറഞ്ഞു. ഇതിനു ശേഷം കസ്റ്റഡിയിലെടുത്ത ഇരുവരെയും രക്ഷിതാക്കളെ വരുത്തിച്ച് പൊലിസ് കൂടെ അയക്കുകയായിരുന്നു. കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കൾക്ക് താക്കീത് നൽകുകയും ചെയ്തതായി പൊലിസ് അറിയിച്ചു.