യുദ്ധഭീതി; യുക്രൈനില്‍ റഷ്യ ബോംബിട്ടേക്കുമെന്ന് യു.എസ്.
വാഷിങ്ടൺ:റഷ്യ ഏതുനിമിഷവും യുക്രൈൻ ആക്രമിച്ചേക്കുമെന്ന് ആവർത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. അതിനിടെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച 50 മിനിറ്റ് ഫോണിൽ സംസാരിച്ചു.
യുക്രൈൻ അതിർത്തികളിൽ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അധിനിവേശം സംബന്ധിച്ച ആരോപണങ്ങൾ തുടക്കംമുതൽ തള്ളുകയാണ് മോസ്കോ. അതേസമയം, യുക്രൈനിൽനിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുൻനിർത്തി യുക്രൈൻ തലസ്ഥാനമായ കീവിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ പൗരൻമാരോട് എത്രയുംപെട്ടെന്ന് യുക്രൈൻ വിടാൻ ജോ ബൈഡൻ ആവശ്യപ്പെട്ടു. കീവിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെ പ്രവർത്തനം ഞായറാഴ്ചയോടെ നിർത്താൻ യു.എസ്. തീരുമാനിച്ചിട്ടുണ്ട്. കുറച്ച് പ്രതിനിധികൾമാത്രം രാജ്യത്ത് തങ്ങിയാൽമതിയെന്നാണ് യു.എസ്. തീരുമാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവൻ പറഞ്ഞു.
12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. യുക്രൈനിലുള്ളത് നൂറു കണക്കിന് മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്.
കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവിവിലേക്ക് മാറ്റി. യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് വിശദീകരണം. അധിനിവേശ മുന്നറിയിപ്പുകൾ പരിഭ്രാന്തി ഉളവാക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പറഞ്ഞു.
വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ജർമനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിച്ചു. അധിനിവേശവുമായി മുന്നോട്ടുപോയാൽ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അധിനിവേശവുമായി മുന്നോട്ടുപോയാൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഒരു വഴി. മറിച്ചാണെങ്കിൽ യുക്രൈന് സൈനിക പിന്തുണയുൾപ്പെടെ നൽകി പ്രതിരോധിക്കും
– യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ
ഉപരോധം റഷ്യയും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധവും തകർക്കും. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീരുമാനമാകും അത്.
– റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ