കറുപ്പിലഴകായി വിസ്മയ മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍;സിനിമയിലേക്കെപ്പോഴെന്ന് ആരാധകര്‍
കൊച്ചി:പൊതുവെ സോഷ്യല്‍ മീഡിയയിലോ പൊതു ഇടങ്ങളിലോ അധികം സജീവമല്ലാത്ത താരപുത്രിയാണ് വിസ്മയ മോഹന്‍ലാല്‍. എന്നാല്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുണ്ട്. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിശേഷങ്ങളും, ചേട്ടന്റെ സിനിമാ പ്രമോഷനും, തന്റെ യാത്രകളിലെ മനോഹര കാഴ്ചകളും എല്ലാം കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഇടവിട്ട് വിസ്മയ പങ്കുവയ്ക്കാറുണ്ട്. അപ്പോഴും സ്വന്തം ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതില്‍ നിന്നും വിട്ടു നിന്നു.
എന്നാല്‍ ഇപ്പോഴിതാ തുരുതുരാ എന്ന് തന്റെ കുറേ ഫോട്ടോകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് വിസ്മയ. സ്‌മോകി ദ ആര്‍ട്ടിസ്റ്റ് എന്ന ഫോട്ടോഗ്രാഫറാണ് അതി മനോഹരമായ താരപുത്രിയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സില്‍ അല്പം ഗ്ലാമറായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിസ്മയയുടെ മുഖത്തെ ആ നിറഞ്ഞ ചിരിയാണ് ഏറ്റവും വലിയ ആകര്‍ഷണം. ദിവ്യ വിനീത്, ജ്യോതി കൃഷ്ണ, ശ്രാവണ്‍ മുകേഷ് അടക്കം നിരവധി സെലിബ്രേറ്റികള്‍ ചിത്രങ്ങള്‍ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.
അമ്മയെ പോലെ മകള്‍ സുന്ദരിയാണ് എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍ പേജുകളില്‍ ഫോട്ടോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വിസ്മയ തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതിനാല്‍ തന്നെ ഫോട്ടോകള്‍ പെട്ടന്ന് ശ്രദ്ധ നേടുന്നു. വിസ്മയ മാത്രമല്ല, സഹോദരന്‍ പ്രണവ് മോഹന്‍ലാലും തന്റെ ഫോട്ടോകളൊക്കെ പങ്കുവയ്ക്കുന്നതില്‍ വളരെ പിന്നിലാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന രണ്ടു പേരും, യാത്രകളില്‍ തങ്ങളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ചിത്രങ്ങളായി പങ്കുവയ്ക്കാറുള്ളത്.
അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് എന്തായാലും അഭിനയത്തിലേക്ക് എത്താന്‍ സാധ്യതയില്ലാത്ത താരപുത്രിമാരില്‍ ഒരാളാണ് വിസ്മയ. എഴുത്തും വായനയും യാത്രകളും ക്ലേ ആര്‍ട്ടും ഒക്കെയാണ് വിസ്മയയ്ക്ക് താത്പര്യം. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പുസ്തകം എഴുതിയ എഴുത്തുകാരി കൂടെയാണ് വിസ്മയ. എഴുതണം എന്ന് കരുതി എഴുതിയതല്ല, പലപ്പോഴായി എഴുതിയ തന്റെ കവിതകള്‍ പുസ്തകമാക്കുകയായിരുന്നു എന്നാണ് ഇതേ കുറിച്ച് താരപുത്രി പറഞ്ഞത്. ഇപ്പോള്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതാനുള്ള ശ്രമത്തിലാണത്രെ.
പൊതുപരിപാടികളില്‍ പങ്കെടുക്കാത്ത വിസ്മയയും പ്രണവു ഇതുവരെ ഒരു ചാനല്‍ അഭിമുഖവും നല്‍കിയിട്ടില്ല. എന്നാല്‍ തന്റെ സഹയാത്രികയായ ബ്ലോഗര്‍ക്ക് വിസ്മയ ഒറു അഭിമുഖം നല്‍കിയിരുന്നു. പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെ കുറിച്ചും, യാത്രകള്‍ നല്‍കുന്ന മനോഹരമായ അനുഭവങ്ങളെ കുറിച്ചുമൊക്കെയാണ് അതില്‍ വിസ്മയ സംസാരിക്കുന്നത്. അച്ഛന്റെ സ്റ്റാര്‍ഡത്തെ കുറിച്ചോ, അത് നല്‍കുന്ന പ്രശസ്തിയെ കുറിച്ചോ ഒരിക്കലും വിസ്മയ എവിടെയും സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മക്കളുടെ ഇഷ്ടങ്ങളെയും താത്പര്യങ്ങളെയും ബഹുമാനിക്കുന്ന അച്ഛനാണ് മോഹന്‍ലാല്‍. അവര്‍ക്കെന്താണോ ഇഷ്ടം അങ്ങനെ ജീവിക്കട്ടെ എന്നാണ് ലാല്‍ പറഞ്ഞിട്ടുള്ളത്. അതേ സമയം പ്രണവിന്റെ സിനിമകള്‍ക്കായാലും, വിസ്മയയുടെ എഴുത്തുകള്‍ക്കാണെങ്കിലും മോഹന്‍ലാല്‍ തന്നെക്കൊണ്ടാവും വിധം പ്രോത്സാഹനം നല്‍കാറുണ്ട്.