26.4 C
Kottayam
Friday, April 26, 2024

കന്യകാത്വപരിശോധന ക്രിമിനല്‍ കുറ്റം,ബില്ലവതരിപ്പിച്ച് ഇംഗ്ലണ്ട്

Must read

ലണ്ടൻ:ഇംഗ്ലണ്ടിലും വെയില്‍സിലും കന്യകാത്വപരിശോധന ക്രിമിനല്‍ കുറ്റമായി കണക്കാക്കാനുള്ള ബില്ല് അവതരിപ്പിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും ദുരഭിമാനക്കൊലയ്ക്ക് ഇരയാകാന്‍ ഇത്തരം അശാസ്ത്രീയ പരിശോധനകൾ കാരണമാകുമെന്ന് കാണിച്ചാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.

സ്ത്രീലൈംഗികാവയവത്തിൻ്റെ തുടക്കത്തിൽ കാണപ്പെടുന്ന നേർത്ത ചർമമാണ് പൊതുവെ ‘കന്യാചര്‍മം’ എന്ന് വിളിക്കപ്പെടുന്നത്. ഇംഗ്ലീഷില്‍ ഇതിനെ ‘ഹൈമെന്‍’ എന്ന് പറയുന്നു. സ്ത്രീകളിലെ കന്യാചര്‍മ്മം ആദ്യത്തെ ലൈംഗികബന്ധത്തോടെ മുറിയുന്നുവെന്നും രക്തം വരുന്നുവെന്നുമാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇതിന് ശാസ്ത്രീയമായ അടിത്തറയില്ല.

ചിലരിലാവട്ടെ ജന്മനാ തന്നെ കന്യാചർമം ഉണ്ടാവണമെന്നില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തന ഫലമായി കൗമാരമാകുമ്പോഴേക്കും ഇത് കൂടുതൽ നേർത്ത് ഇലാസ്തികതയുള്ളതായി മാറാം. ലൈംഗികബന്ധത്തിൽ മാത്രമല്ല, അവിടം വൃത്തിയാക്കുമ്പോഴോ, കായികാദ്ധ്വാനങ്ങളിലോ, നൃത്തത്തിലോ, യോഗ ചെയ്യുമ്പോഴോ, സ്വയംഭോഗത്തിലോ ഏർപ്പെട്ടാൽ പോലും ഇത് പൊട്ടിയേക്കാം.എന്നാൽ, ഇപ്പോഴും കന്യകാത്വപരിശോധന നടത്താൻ പല സ്ത്രീകളും നിർബന്ധിതരാവുന്നു.ഇതിന്റെ പേരിൽ ക്രൂരപീഡനങ്ങൾ അരങ്ങേറുന്നതും കുറവല്ല. ഇതിൻെ പശ്ചാത്തലത്തിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.

കണ്‍സര്‍വേറ്റീവ് എംപി റിച്ചാര്‍ഡ് ഹോള്‍ഡനാണ് ഇത് സംബന്ധിച്ച് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വകുപ്പിന്റെ പിന്തുണയോടെ ആരോഗ്യ-പരിപാലന ബില്ലില്‍ പിന്നീട് ഈ നിര്‍ദേശങ്ങളവതരിപ്പിച്ചു. പുതിയ ബില്ല് പ്രകാരം ആരെങ്കിലും ഇവിടെ കന്യകാത്വ പരിശോധന നടത്തിയാല്‍ അത് നിയമലംഘനമാവും. ‘വിവാഹത്തിന് മുമ്പ് സ്ത്രീകള്‍ കന്യകകളാണോ എന്ന് അറിയാനായി കന്യകാത്വ പരിശോധന നടത്തുകയും ഡോക്ടര്‍മാരുടെ സഹായത്തോടെ കന്യാചര്‍മ്മം തുന്നിച്ചേർക്കുകയും ചെയ്യുന്നു’ എന്ന് ഹോള്‍ഡന്‍ പറയുന്നു. ‘ഇതൊന്നും ശാസ്ത്രീയമായ അടിത്തറയുള്ളതല്ല. വെറും കെട്ടുകഥയും അപകടകരവുമാണ്’ എന്നും ഹോള്‍ഡന്‍ കൂട്ടിച്ചേർക്കുന്നു.

ലോകാരോഗ്യ സംഘടന കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനമായി കണക്കാക്കുന്നു. ഇത് സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ജീവിതത്തില്‍ ദീര്‍ഘകാലത്തേക്ക് ദൂഷ്യഫലമുണ്ടാക്കിയേക്കാം എന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ചെറിയ പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ആശങ്കകളില്ലാതെ വളരാനാവണം. അത് കൊണ്ട് നിര്‍ബന്ധമായും ഈ ദുരാചാരം നമ്മള്‍ അവസാനിപ്പിച്ചേ തീരൂ’ എന്നാണ് ഹോള്‍ഡന്‍ ബില്ല് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞത്. ബില്ലുമായി ബന്ധപ്പെട്ട് അദ്ദേഹം ഹെല്‍ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. ബില്ല് പാസാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യമന്ത്രി ഇതിന് തന്‍റെ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു.

കന്യകാത്വ പരിശോധനയെ എതിര്‍ക്കുന്നവര്‍ നിലവില്‍ തന്നെ അത് ഒരുപാട് ദുരഭിമാനക്കൊലകള്‍ക്ക് കാരണമായിട്ടുണ്ട് എന്ന് പറയുന്നു. 2002 -ല്‍ 16 -കാരിയായ ഹേഷു യോണ്‍സ് എന്ന പെണ്‍കുട്ടിയെ കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് പിതാവ് കൊലപ്പെടുത്തുകയുണ്ടായി. ഇത് ദുരഭിമാനക്കൊലയിലാണ് പെടുത്തിയിരിക്കുന്നത്.

ദുരഭിമാനക്കൊലകള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ‘കര്‍മ്മ നിര്‍വാണ’ എന്ന ചാരിറ്റി സംഘടന പറയുന്നത് കന്യകാത്വ പരിശോധന, അവ തുന്നിച്ചേർക്കുന്നതിനുള്ള ഹൈമെനോപ്ലാസ്റ്റി എന്നിവയുമായി ബന്ധപ്പെട്ട് അവര്‍ക്ക് കിട്ടുന്ന കോളുകളില്‍ 75 ശതമാനം വര്‍ധനവുണ്ടായി എന്നാണ്. 17 മുതല്‍ 35 വയസുവരെ പ്രായത്തിലുള്ള ബലാത്സംഗം നേരിടേണ്ടി വന്ന സ്ത്രീകളടക്കം അവരെ ഹൈമെനോപ്ലാസ്റ്റി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറയുന്നതായും സംഘടന പറയുന്നു. പല സ്ത്രീകളോടും വിവാഹത്തിന് മുമ്പ് കന്യകകളാണ് എന്ന് തെളിയിക്കാന്‍ ആവശ്യപ്പെടാറുണ്ട്.

ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളടക്കം നിരവധി പേരാണ് സംഘടനയിലേക്ക് വിളിക്കുന്നത്. പലപ്പോഴും മാതാപിതാക്കളാണ് പെണ്‍കുട്ടികളെ ഹൈമെനോപ്ലാസ്റ്റി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. അതുപോലെ കന്യാചര്‍മ്മത്തിന്‍റെ പേരും പറഞ്ഞ് പല സ്ത്രീകളും വീടുകളില്‍ കടുത്ത അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുമുണ്ട്.

കഴിഞ്ഞ വർഷം ബിബിസി ശേഖരിച്ച എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ഡാറ്റ അനുസരിച്ച് 2015 മുതൽ 69 ഹൈമെന്‍ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടത്തി എന്ന് കണ്ടെത്തി. സ്വകാര്യ ക്ലിനിക്കുകളിൽ 3,000 ഡോളർ വരെ ചിലവിലാണ് ഇത് നടത്തുന്നത്. അതിനാല്‍, യഥാര്‍ത്ഥ കണക്ക് ഇതിലും വളരെ കൂടുതലായിരിക്കും എന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week