ബെംഗളൂരൂ:ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കായികതാരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഭക്ഷണക്രമത്തിൽ ഉൾപ്പെടെയുള്ള ശീലങ്ങളിൽ കോലി പാലിക്കുന്ന ചിട്ട മാതൃകാപരവുമാണ്. പല യുവ കായികതാരങ്ങളുടെയും റോൾ മോഡലാണ് വിരാട് കോലി. എന്നാൽ കരിയർ തുടങ്ങുന്ന സമയത്ത് താൻ ഫിറ്റ്നസിൽ അത്ര ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ലെന്നു തുറന്നു സമ്മതിക്കുകയാണ് ഇപ്പോൾ വിരാട് കോലി.
ഐപിഎലിന്റെ പുതിയ സീസണിനായി ബെംഗളൂരുവിലേക്ക് പോകുന്നതിനു മുൻപു 2023ലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് ചടങ്ങില്‍ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു കോലി. ഡൽഹി സ്വദേശിയായ കോലി, മുൻപ് താനൊരു ‘പാർട്ടി ബോയ്’ ആയിരുന്നെന്നും വെളിപ്പെടുത്തി. റെഡ് കാർപ്പറ്റിൽ, ഒരു റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് കോലിയുടെ തുറന്നുപറച്ചിൽ.
ഡാന്‍സ് വേദിയില്‍ ആരാണ് കൂടുതല്‍ തിളങ്ങുകയെന്നായിരുന്നു റാപ്പിഡ് ഫയറിലെ ഒരു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. ‘ഞാനോ?’ എന്ന് ആശ്ചര്യപ്പെട്ട കോലി, ഇതോടെ വിശദീകരണവും നടത്തി.
‘‘ഇപ്പോൾ ഞാൻ മദ്യപിക്കാറില്ല. മുൻപൊക്കെ ഒരു പാർട്ടിക്കു പോയി രണ്ടെണ്ണം കഴിച്ചാൽ ഞാൻ ഡാൻസ് വേദി കീഴടക്കാറുണ്ടായിരുന്നു. ഞാൻ അവിടെ വേണ്ടെന്ന് ആളുകൾക്ക് തോന്നുന്നതുവരെ ഞാൻ ഡാൻസ് കളിക്കുമായിരുന്നു. പക്ഷേ രണ്ടെണ്ണം കഴിച്ചാൽ ആളുകൾ ശ്രദ്ധിക്കുന്നത് എനിക്ക് വിഷയവുമല്ലായിരുന്നു. ഇനി അതു വേണ്ട. പണ്ടെത്തെ കാര്യമാണ് പറഞ്ഞത്.’’– കോലി പറഞ്ഞു.
Virat Kohli and Anushka Sharma interview at ISH 💕😍 pic.twitter.com/gupi5irns7
— sunshine🫶🏻 (@kohlivibes) March 26, 2023