KeralaNews

തൃശൂരില്‍ കൊല്ലപ്പെട്ട ടി.ടി.ഇ വിനോദ് സിനിമയിലും സജീവം; നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു

തൃശ്ശൂര്‍: ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ. വിനോദ്, ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലും സജീവസാന്നിധ്യം. ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്‌സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണന്‍ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്.

മോഹന്‍ലാലിന്റെ മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു വിനോദിന്റെ സഹപാഠിയാണ്. ഒപ്പം സിനിമയില്‍ ഡിവൈ.എസ്.പിയുടെ വേഷമാണ് വിനോദ് ചെയ്തത്. ഹൗ ഓള്‍ഡ് ആര്‍ യൂ?, മംഗ്ലീഷ്, വിക്രമാദിത്യന്‍, കസിന്‍സ്, വില്ലാളിവീരന്‍, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിന്‍, ലവ് 24×7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.

ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തടുര്‍ന്ന് വിനോദിനെ രജനികാന്ത് ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. ഷൊര്‍ണൂരില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കായിരുന്നു വിനോദ് വീണത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പല ശരീരഭാഗങ്ങളും മാറിയാണ് കിടന്നിരുന്നത്. വിനോദ് ട്രാക്കിലേക്ക് വീണതിന് പിന്നാലെ മറ്റൊരു ട്രെയിന്‍ അതുവഴി പോയിട്ടുണ്ടാകാമെന്ന് ആര്‍.പി.എഫ്. സംശയം പ്രകടിപ്പിച്ചു.

പിടികൂടുമ്പോള്‍ രജനീകാന്ത് മദ്യലഹരിയിലായിരുന്നു. പാലക്കാട് ആര്‍.പി.എഫിലെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍നിന്ന് തന്നെ ഇയാളെ പിടികൂടിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ തൃശ്ശൂര്‍ പോലീസിന് കൈമാറി. രജനീകാന്ത് ലഹരിക്കടിമയാണെന്നാണ് പ്രാഥമിക നിഗമനം.

റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത് മൊഴി നല്‍കി. ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു.

രജനീകാന്തിന്റെ കാലിന് പരിക്കുണ്ട്. എറണാകുളം- പട്‌ന എക്‌സ്പ്രസില്‍ ഇത്തരം സംഭങ്ങള്‍ സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് കൊല്ലപ്പെട്ട ടി.ടി.ഇയുടെ സുഹൃത്ത് പറഞ്ഞു. ഇദ്ദേഹം വിനോദിനൊപ്പം തൃശ്ശൂര്‍ വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button