തായ്‌വാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ടോക്യോ: തായ്‌വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. തായ്‌വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർ ഉയരത്തിൽവരെ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തീരപ്രദേശത്തെ ആളുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
1999-ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ഭൂചലനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 1999-ൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2400-ലേറെ പേരുടെ ജീവൻ അന്ന് നഷ്ടപ്പെട്ടിരുന്നു.