ചണ്ഡിഗഡ്: എട്ടുപോലീസുകാരെ വധിച്ച കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലെ ഫരീദാബാദിലെ ഹോട്ടലില്‍ എത്തിയതായി റിപ്പോര്‍ട്ട്. വികാസ് ദുബെയുടെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുഖത്ത് മാസ്‌ക് ധരിച്ചാണ് ദുബെ ഹോട്ടലില്‍ എത്തിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ പിടിയിലായ ആളാണ് ദുബെ ഹോട്ടലില്‍ എത്തിയ കാര്യം വെളിപ്പെടുത്തിയത്. പോലീസ് ഹോട്ടലില്‍ എത്തുന്നതിന് മുന്‍പ് ദുബെ സ്ഥലത്തു നിന്നും മുങ്ങി. ദുബെയെ പിടികൂടുന്നതിനായി ഫരീദാബാദിലും ഗുരുഗ്രാമിലും ഡല്‍ഹിയിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, വികാസ് ദുബെയുടെ കൂട്ടാളി അമര്‍ ദുബെയെ പോലീസ് വെടിവച്ചു കൊന്നു. ഹമിര്‍പുരില്‍ ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ പോലീസ് വെടിവച്ചു കൊന്നത്. ഇയാളുടെ തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്നു. വികാസ് ദുബെയെ കണ്ടെത്തുന്നതിനായി എസ്ടിഎഫും 40ഓളം പോലീസ് സംഘങ്ങളും തെരച്ചില്‍ നടത്തുകയാണ്.
എട്ടുപോലീസുകാരെ വധിച്ച ശേഷം വെള്ളിയാഴ്ചയാണ് ദുബെയും കൂട്ടാളികളും കടന്നത്. ഇയാളുടെ അനുയായികളായ ദയാശങ്കര്‍ അഗ്‌നിഹോത്രി, ശര്‍മ, സുരേഷ് വര്‍മ, രേഖ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.