തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ അഭ്യര്‍ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീണയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവവും പുറത്തുവന്നിരുന്നു. പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റ സംഭവം ഞെട്ടിക്കുന്നതാണെന്നും ഗുരുതര അച്ചടക്ക ലംഘനമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്‌ലി രാമചന്ദ്രന്‍ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പള്ളിയെ കണ്ട് പരാതിപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ കമ്മീഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു.
പാര്‍ട്ടി ഏല്‍പ്പിച്ച ഭൗത്യം താന്‍ ഭംഗിയായി ചെയ്തു. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയതായും വീണ പറഞ്ഞു.