സാറയെ സൂക്ഷിക്കണമെന്ന് മൂന്നു യുവനടന്മാര്‍ തന്നോട് പറഞ്ഞുവെന്ന് വരുണ്‍ ധവാന്‍
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ സാറ ഒരു ഭീകരജീവിയാണെന്നും സാറയ്ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍.
വരുണും സാറയും ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്പര്‍ വണ്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ്മ ഷോയില്‍ വന്നപ്പോഴാണ് വരുണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലുമാണ് വരുണിന് മുന്നറിയിപ്പുമായി എത്തിയത്. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്.
ഇത് കേട്ടതോടെ അവര്‍ എന്താണ് പറഞ്ഞത് എന്ന് സാറ ചോദിച്ചു. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രൊമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം ഉണ്ടായിരുന്നത്. സാറയെ കുറിച്ചുള്ള വരുണിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.