KeralaNews

മഴ തുടരും: ശക്തി കുറഞ്ഞേക്കും, ഇന്ന് ഏഴുജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ മഴതുടരുമെന്ന് കാലാവസ്ഥാവകുപ്പ്. എന്നാൽ ശക്തികുറഞ്ഞേക്കാം. കഴിഞ്ഞദിവസങ്ങളിൽ പെയ്തപോലെ തീവ്രമഴയ്ക്ക് സാധ്യതകുറവാണ്. ശനിയാഴ്ച ഏഴുജില്ലകൾക്കും ഞായറാഴ്ച മൂന്നുജില്ലകൾക്കും മഞ്ഞമുന്നറിയിപ്പ് നൽകി.

ഇവിടങ്ങളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചക്രവാതച്ചുഴലിയായി ദുർബലപ്പെട്ടു. ഇതിപ്പോൾ തെക്കൻകേരളത്തിന് മുകളിലാണ്. ഇതിന്റെ സ്വാധീനമാണ് മഴതുടരാൻ കാരണം.

വെള്ളിയാഴ്ച ഏററവുംകൂടുതൽ മഴപെയ്തത് എറണാകുളത്താണ്. ഇവിടെ കളമശ്ശേരിയിൽ 15 സെന്റീമീറ്റർ പെയ്തു. എറണാകുളം സൗത്തിലും ആലുവയിലും 13 സെന്റീമീറ്റർ വീതവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 12 സെന്റീമീറ്ററും പെയ്തു.

റിമാൽ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശനിയാഴ്ച രാത്രിയോടെ റിമാൽ ചുഴലിക്കാറ്റായി രൂപപ്പെടും. ഇത് തീവ്രചുഴലിക്കാറ്റായി ഞായറാഴ്ച അർധരാത്രിയോടെ ബംഗ്ലാദേശിലെ ഖേപ്പുപരയ്ക്കും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കും. ഇടവപ്പാതിയുടെ വരവ് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കുന്നത് ഈ ചുഴലിക്കാറ്റിന് ശേഷമായിരിക്കാനാണ് സാധ്യത.

മഞ്ഞ മുന്നറിയിപ്പ്

ശനിയാഴ്ച– തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

ഞായറാഴ്ച– തൃശ്ശൂർ, ആലപ്പുഴ, എറണാകുളം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button