31.7 C
Kottayam
Saturday, May 11, 2024

ബസ് അമിത വേഗതയിലാണെന്ന് രണ്ട് തവണ സന്ദേശമയച്ചു; സ്പീഡ് ഗവേർണറിൽ മാറ്റംവരുത്തിയതായും കണ്ടെത്തൽ,കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

Must read

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ അതില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബൂഫര്‍, ലൈറ്റിങ് ഉള്‍പ്പെടെയുള്ള പല മാറ്റവും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമലംഘനമാണ്. കുട്ടികളുടെ വിനോദയാത്രയ്ക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പല വിദ്യാലയങ്ങളും ആവശ്യപ്പെടുന്നതും താത്പര്യപ്പെടുന്നതും. അപകടങ്ങള്‍ കുറയ്ക്കാന്‍ വിദ്യാലയങ്ങളും ബസ് ഉടമകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിനോദയാത്രയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവുമായി ബന്ധപ്പെടണമെന്നും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ നിര്‍ദേശിച്ചു.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനാ വേളയില്‍ പെട്ടെന്ന് അഴിച്ചുമാറ്റാവുന്ന തരത്തിലാണ് പല ബസുകളിലും ഇപ്പോള്‍ എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ഘടിപ്പിക്കുന്നത്. പരിശോധനാ സമയത്ത് അഴിച്ചുമാറ്റിയശേഷം പിന്നീട് വീണ്ടും ഇവ ഘടിപ്പിച്ചാണ് പല ബസുകളും ഓടുന്നത്. ഇതിനുപുറമേ ബസുകളില്‍ വേഗപരിധി മറികടക്കാന്‍ കൃത്രിമത്വം കാണിക്കുന്നത് കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week