31.7 C
Kottayam
Saturday, May 11, 2024

വടക്കഞ്ചേരി അപകടം:ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്?; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Must read

കൊച്ചി∙ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ബസ് യാത്ര തുടങ്ങുന്ന സമയത്തു രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ വൈറലായതുമായ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ട ശേഷമാണ് കോടതി നടപടി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ ഹാജരാകണം. 

ടൂറിസ്റ്റ് ബസിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്നു ഹൈക്കോടതി ചോദിച്ചു. കോടതി നിരോധിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്തമായതോടെ വാഹനം പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കോടതി പൊലീസിനോടും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഇന്നു മുതല്‍ ഒരു വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ പാടില്ല. നിലവിൽ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നുണ്ടെങ്കിൽ വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നത് റോഡിലുള്ള മറ്റു വാഹനങ്ങളെ അപകടത്തിൽപെടുത്തുമെന്നു ചൂണ്ടിക്കാട്ടി നേരത്തെ ബസുകളിലെ രൂപമാറ്റങ്ങൾക്കു കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന കോടതി ഉത്തരവ് നിശ്ചിത വകുപ്പുകൾ പാലിച്ചില്ലെന്നു വ്യക്തമായതോടെയാണ് അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിയായ ഉദ്യോഗസ്ഥൻ നാളെ ഹാജരാകണമെന്നു കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week