ഉത്ര വധക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്‍ നിര്‍ദ്ദേശം
കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അതേസമയം, ക്രൈംബ്രാഞ്ച് സംഘം രാവിലെ ഉത്രയുടെ വീട്ടിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. സൂരജിന്റെ അമ്മയോടും സഹോദരിയോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ കേസില്‍ സൂരജിനെതിരെ സുഹൃത്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കസ്റ്റഡിയില്‍ ആകുന്നതിനു തലേദിവസം സൂരജ് കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. എന്തിനാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് പാമ്പിനെ വാങ്ങിയതും കൃത്യം നടത്തിയതും താനാണെന്ന് സൂരജ് പറഞ്ഞതായാണ് മൊഴി. എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ജീവനക്കാരനാണ് സുഹൃത്ത്. ഇയാളെ കൂടാതെ സൂരജിന്റെ രണ്ടു സുഹൃത്തുക്കളെയും സഹോദരിയുടെ സുഹൃത്തിനെയും ചോദ്യംചെയ്തു. ഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടേയും ജീവനക്കാരന്റേയും മൊഴി രേഖപ്പെടുത്തി.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ജി മോഹന്‍രാജിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി ഹരിശങ്കര്‍ ഡിജിപിക്ക് കത്തുനല്‍കി. അഭിഭാഷകരായ എബ്രഹാം, ധീരജ് രവി എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാണ് പൊലീസ് ആവശ്യം.