ലഖ്നൗ:സംസ്ഥാനത്തെ 16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരങ്ങളില്‍ ‘ദീദി കഫേ’ സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഥുരൈ, ഫിറോസാബാദ്, വൃന്ദാവന്‍ എന്നിവയിലും ആഗ്ര ഡിവിഷനിലെ നഗരങ്ങളിലും കഫേ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. വനിതാ സ്വയം സഹായ സംഘങ്ങളാകും ഈ കഫേ നടത്തുക. കുറഞ്ഞ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണവും നല്‍കുന്നതിനൊപ്പം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ നഗര ഉപജീവന ദൗത്യത്തിന് കീഴില്‍ സ്ഥാപിതമായ സ്വയം സഹായ സംഘങ്ങളുമായി ബന്ധിപ്പിച്ച് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഛത്തീസ്ഗഢില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനിതാ ഗ്രൂപ്പുകളുടെ നിരവധി സംരംഭങ്ങള്‍ ഈ പദ്ധിതിയുടെ ഭാഗമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
വാരണാസിയില്‍ ഇതിന്റെ ഒരു പരീക്ഷണ പദ്ധതി നടക്കുന്നതായും ഒരു മുതിര്‍ന്ന അംഗം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജത്തിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തില്‍ ആഗ്ര ഡിവിഷനിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ‘ദീദി കഫേ’ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. മഥുര, വൃന്ദാവന്‍, ഫിറോസാബാദ്, ലഖ്നൗ, അയോധ്യ, പ്രയാഗ്രാജ്, ഗോരഖ്പൂര്‍, കാണ്‍പൂര്‍, ഝാന്‍സി, ഗാസിയാബാദ്, ബറേലി, മീററ്റ്, അലിഗഡ്, മൊറാദാബാദ്, സഹാറന്‍പൂര്‍, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.
‘ദീദി കഫേ നിര്‍മ്മിക്കുന്നത് പ്രശംസനീയമായ നടപടിയാണ്. ഇത് സ്ത്രീകളുടെ ഉന്നമനത്തിന് വളരെയധികം സഹായിക്കും. എന്നാല്‍ നഗരങ്ങളിലെ ഈ പദ്ധതികളില്‍ നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമേ ജോലി കണ്ടെത്താനാകൂ. അതിനാല്‍ ഗ്രാമീണ സ്ത്രീകള്‍ക്കായും സര്‍ക്കാര്‍ സമാനമായ പദ്ധതി നടപ്പാക്കണം’ ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഹിന്ദുസ്ഥാനി ബിരാദാരി വൈസ് ചെയര്‍മാന്‍ വിശാല്‍ ശര്‍മ്മ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആഗ്രയിലും ലഖ്നൗവിലും ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് കഫേകള്‍ നിര്‍മ്മിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസത്തിന് ഈ കഫേകള്‍ വളരെയധികം സഹായിക്കുകയും ചെയ്തു.