കൊച്ചി:മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. അഭിനേതാവ് എന്ന നിലയില്‍ മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ നിര്‍മ്മാതാവായും കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരേസമയം നിര്‍മ്മാതാവായും നായകനുമായി ഉണ്ണി മുകുന്ദന്‍ എത്തുന്ന പുതിയ സിനിമ തീയേറ്ററുകളിലേക്ക് എത്തുകയാണ്.
ഇതിന് മുമ്പായുള്ള പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരം. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് ഉണ്ണി മുകുന്ദനും പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷത്തിന്റെ സംവിധായകന്‍ അനൂപും നല്‍കിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. അഭിമുഖത്തില്‍ രസകരമായ ഒരുപാട് കഥകള്‍ പങ്കുവെക്കുന്നുണ്ട് ഉണ്ണി മുകുന്ദന്‍. വിശദമായി വായിക്കാം തുടര്‍ന്ന്.
പ്രണയ ലേഖനം കൊടുത്തിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് കൊടുത്തിട്ടില്ല പക്ഷെ കിട്ടിയിട്ടുണ്ടെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. സ്‌കൂളില്‍ കിട്ടിയിട്ടുണ്ട്. ഇഫ് യു ലൈക്ക് മീ, സ്മയില്‍ എന്നായിരുന്നു ആദ്യത്തെ വരി. അത് വായിച്ചതും എനിക്ക് നാണം വന്നു. പിന്നെ വായിച്ചില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട്. ഇടി കേസുണ്ട്. ആക്‌സിഡന്റ് കേസുണ്ട്. വിശദാംശങ്ങളിലേക്കില്ലെന്നാണ് താരം മറുപടി പറഞ്ഞത്.
ആളുകള്‍ കാണെ വീണിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. വീണിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌റ്റെയര്‍ കേസില്‍ നിന്നും താഴേക്ക് എടുത്ത് ചാടി. പക്ഷെ തെന്നിപ്പോയി. എല്ലാവരും കണ്ടു. ആരുടെയെങ്കിലും കല്യാണം കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ എനിക്ക് അത് തന്നെയല്ലേ പണിയെന്നായിരുന്നു ചിരിച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.
ക്ലാസ് കട്ട് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തന്റെ ഓര്‍മ്മ പങ്കുവെക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ക്ലാസ് ബങ്ക് ചെയ്തിട്ടുള്ളത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. 1999 ലാണ്. ശക്തിമാന്‍ കത്തി നില്‍ക്കുന്ന സമയമാണ്. സ്‌കൂളിലെ കുട്ടികള്‍ ഇതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് പറയാനൊന്നുമില്ല. കാരണം ഞാന്‍ ആ സമയത്തേക്ക് ഉറങ്ങിപ്പോകും. അങ്ങനെ ഞാനൊരു കടും കൈ ചെയ്തു. എന്റെ സൈക്കിളിന്റെ കീ മാറ്റി വച്ചു. അമ്മ സ്‌കൂള്‍ ടീച്ചറാണ്. എല്ലാം കൃത്യമായി നിരത്തിവെക്കും. ഞാന്‍ ചാന്‍സെടുത്തു. കീ അലമാരയുടെ താഴെയിട്ടിട്ട്. അയ്യോ കീ കാണുന്നില്ലേയെന്ന് ഭയങ്കര അഭിനയം.
എന്റെ ടീച്ചര്‍ താഴെ തന്നെയാണ് താമസിക്കുന്നത്. ഇനി എങ്ങനെ എത്തും. ശരി ഉണ്ണി വൈകണ്ട. മോന്‍ പോയി പഠിച്ചോ അമ്മയോട് ഞങ്ങള്‍ പറയാമെന്ന് പറഞ്ഞു. ഞാന്‍ നൈസായിട്ട് ഇരുന്ന് ശക്തമാനൊക്കെ കണ്ടു. അമ്മ ഉച്ചയ്ക്ക് വരുമ്പോഴേക്കും പഠിക്കാന്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നൊക്കെ പറഞ്ഞ് അഭിനയിച്ചു. സാരല്ല എന്ന് അമ്മയും. അത് കഴിഞ്ഞ് അമ്മ അടിച്ച് വാരാന്‍ തുടങ്ങി. ദാ വരുന്ന അലമാരയുടെ അടിയില്‍ നിന്നും കീ വരുന്നു. അമ്മ എന്നെ ഒരു നോട്ടം നോക്കി. നല്ല അടി കിട്ടി അന്നെന്നാണ് താരം പറയുന്നത്.
ഷഫീഖിന്റെ സന്തോഷം ആണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ. അനൂപ് പന്തളം ആണ് സിനിമയുടെ സംവിധാനം. ആത്മീയ രാജന്‍, ദിവ്യ പിള്ള, ബാല, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഉണ്ണി മുകുന്ദന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആ നിര്‍മ്മാണമായ മേപ്പടിയാന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന സിനിമയാണിത്. പിന്നാലെ ബ്രൂസ് ലീ, മിണ്ടിയും പറഞ്ഞും, മാളികപ്പുറം, യമഹ തുടങ്ങിയ സിനിമകളും ഉണ്ണി മുകുന്ദന്റേതായി അണിയറയിലുണ്ട്.