ലഖ്‌നൗ : ഒരേ കേസിൽ പെട്ട ആറുപേരാണ് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. പോലീസ് ഏറ്റുമുട്ടലിൽ തുടങ്ങിയ കൊലപാതകം, അവസാനം കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകത്തിൽ വരെ എത്തിനിൽക്കുന്നു. ഇതോടെ ഉമേഷ് പാൽ കൊലക്കേസ് പ്രതികളിൽ ആറുപേർ കൊല്ലപ്പെട്ടു, അതും അമ്പത് ദിവസത്തിനുള്ളിൽ.
ഫെബ്രുവരി 24-നാണ് അഭിഭാഷകനായ ഉമേഷ് പാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുന്നത്. 2005-ൽ ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു ഉമേഷ് പാല്‍ സിങ്. തുടർന്ന് ഉമേഷിന്റെ ഭാര്യ ജയാ പാൽ നൽകിയ പരാതിയിൽ സമാജ്‌വാദി പാര്‍ട്ടി എം.പി. ആയിരുന്ന അതിഖ് അഹമദിനെ ധൂമൻഗഞ്ജ് പോലീസ് കേസിൽ പ്രതിചേർക്കുകയായിരുന്നു. 2006-ല്‍ ഉമേഷിനെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസില്‍ 2007-ല്‍ അതിഖ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 24-നാണ് പ്രയാഗ് രാജിലെ വീടിനു പുറത്തുവെച്ച് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. അതിഖിന്റെ സഹോദരൻ അഷറഫ്, ഭാര്യ ശൈസ്ത പർവീൺ, രണ്ടുമക്കൾ, സഹായി ഗുഡ്ഡു മുസ്‌ലിം ഗുലാം എന്നിവർക്കുപുറമെ വേറേ ഒമ്പതുപേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഉമേഷ് വധക്കേസിലെ പ്രതി, അർബാസ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത് ഫെബ്രുവരിയിലായിരുന്നു. ദുമൻങ്കഞ്ച് പോലീസ് സ്റ്റേഷൻ പരിധിലെ നാഷണൽ പാർക്കിൽവെച്ച് അർബാസും സംഘവുമാണ് പോലീസിനുനേരെ ആദ്യം വെടിയുതിർത്തെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ അർബാസിന് പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്.
കേസിലെ മറ്റൊരു പ്രതിയായ വിജയ്ചൗധരിയെന്ന ഉസ്മാൻ മാർച്ചിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതിഖ് അഹമദിന്റെ കൂട്ടാളിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. എന്നാൽ, ഉസ്മാനെ പിടികൂടിയശേഷം പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായി ഭാര്യ സുഹാനി രംഗത്തെത്തി.
ഇതിനുപുറമെ, അതിഖിന്റെ അടുത്ത സഹായിയുടെ വീട് മാർച്ചിൽ ഇടിച്ചുതകർത്തിരുന്നു. സഫർ അഹമ്മദ് എന്നയാളുടെ വീടാണ് പ്രയാഗ്‍രാജ് ഡെവലപ്‌മെന്റ് അതോറിറ്റി തകർത്തത്.
അതിഖ് അഹമ്മദിൻറെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് കൊലപാതകം കൂടി ഉത്തർപ്രദേശിൽ അരങ്ങേറിയത്. ഇതോടെ ഉമേഷ് വധക്കേസിൽ ഉൾപ്പെട്ട ആറ് പ്രതികളെയാണ് കഴിഞ്ഞ് 50 ദിവസത്തിനുള്ളിൽ മാത്രം ഉത്തർപ്രദേശിൽ കൊലപ്പെടുത്തിയത്.
ഗുണ്ടാ-രാഷ്ട്രീയ നേതാവായ അതിഖ് അഹമ്മദിന്റെ മകൻ അസദും കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടതോടെ, യോഗിസർക്കാരിന്റെ ആറുവർഷഭരണത്തിനിടെ ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലുകളിൽ മരിച്ച കുറ്റവാളികളുടെ എണ്ണം 183 ആയി ഉയർന്നു.
യോഗിആദിത്യനാഥ് ആദ്യം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് 2017 മാർച്ചിലാണ്. അതിനുശേഷം സംസ്ഥാനത്ത് 10,900-ലധികം പോലീസ് ഏറ്റുമുട്ടലുകൾ നടന്നതായാണ് കണക്ക്. ഈ ഏറ്റുമുട്ടലുകളിലൂടെ 23,300 പേരെ അറസ്റ്റ് ചെയ്തു. 5046 പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലുകളിൽ 1443 പോലീസുകാർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും കണക്കുകളിലുണ്ട്. മരിച്ച പോലീസുകാരിൽ എട്ടുപേരെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വികാസ് ദുെബയുടെ സംഘമാണ് കാൺപുരിൽ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഉജ്ജയിനിയിൽനിന്ന് യു.പി.യിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ പോലീസ് വെടിവെച്ചുകൊന്നു.
അസാദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ച പ്രത്യേക ദൗത്യസംഘത്തെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയിരുന്നു. പോലീസ് നടപടി ക്രിമിനലുകള്‍ക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് മൗര്യ പറഞ്ഞു. ‘ഇത് പുതിയ ഇന്ത്യയാണ്. യു.പി ഭരിക്കുന്നത് യോഗി സര്‍ക്കാരാണ്. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരല്ല’ -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.