NationalNews

ഡി.എം.കെ ഒരു മതത്തിനും എതിരല്ല,ഭരണ വീഴ്ച മറയ്ക്കാൻ ഫാസിസ്റ്റ് ശക്തികളുടെ വ്യാജ പ്രചാരണം, ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മം സംബന്ധിയായ പ്രചാരണം വലിയ വിവാദമായതിന് പിന്നാലെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ തന്‍റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്.

വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ആയുധമായാണ് അവര്‍ കാണുന്നത്. എന്നാല്‍ അത്ഭുതമുണ്ടാക്കുന്ന വസ്തുതയെന്നത് അമിത്ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി നടപടി വേണമെന്ന് ആവശ്യപ്പെടുന്നതാണ്.

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസിന് പോകേണ്ടത് താനാണെന്നിരിക്കെയാണ് ഇതെന്നതാണ് വസ്തുത. എന്നാല്‍ അതിജീവനത്തിന് വേണ്ടിയുള്ള അവരുടെ ശ്രമമാണ് ഇതെന്ന് താന്‍ തിരിച്ചറിയുന്നു. വേറെ ഒരു രീതിയിലും അതിജീവിക്കാന്‍ അറിയാത്ത സ്ഥിതിയാണ് അവര്‍ക്കുള്ളതെന്നതിനാല്‍ വ്യാജ പ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുന്നില്ല.

ഡിഎംകെ ഒരു മതത്തിനും എതിരല്ല. മതം സബന്ധിച്ച് അണ്ണായുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ആളുകളെ മതം സമത്വത്തിലേക്ക് നയിക്കുന്നുവെങ്കില്‍ താനുമൊരു വിശ്വാസിയാണ്. എന്നാല്‍ മതം ജാതിയുടെ പേരില്‍ ആളുകളെ വിഭജിക്കുകയും തൊട്ടുകൂടായ്മയും അടിമത്തവും പഠിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്ന ആദ്യത്തെ ആളാവും താനെന്നാണ് അണ്ണാ പറഞ്ഞത്.

എല്ലാവരെയും സമത്വത്തോടെ കാണുന്ന മതങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും അറിവില്ലാതെയാണ് മോദിയും സംഘവും തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷമയിട്ട് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരക്കാരോട് തനിക്ക് സഹതാപം മാത്രമാണുള്ളത്. കഴിഞ്ഞ 9 വര്‍ഷമായി മോദി ഒന്നും ചെയ്തിട്ടില്ല. ഇതിനിടയ്ക്ക് നോട്ട് നിരോധിച്ചു, ഒളിത്താവളങ്ങളുണ്ടാക്കി, പുതിയ പാര്‍ലമെന്റ് കെട്ടിടമുണ്ടാക്കി അവിടെ ചെങ്കോല്‍ സ്ഥാപിച്ചു, രാജ്യത്തിന്‍റെ പേര് മാറ്റാന്‍ കളിക്കുന്നു, അതിര്‍ത്തിയില്‍ നിലകൊണ്ട് വെള്ളക്കൊടി വീശിക്കാണിക്കുന്നുവെന്നതാണ് മോദി ചെയ്തത്.

വിദ്യാര്‍ത്ഥിനികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പുതുമൈ പെണ്‍ പദ്ധതി, പ്രഭാത ഭക്ഷണ പദ്ധതി, വനിതാ അവകാശ പദ്ധതി പോലെ പുരോഗമന പരമായ എന്ത് പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. മധുരയില്‍ അവര്‍ എയിംസ് സ്ഥാപിച്ചോ, കലൈഞ്ജര്‍ സെന്റിനറി ലൈബ്രറി പോലെ അറിവിലേക്കുള്ള എന്ത് നടപടിയാണ് അവര്‍ സ്വീകരിച്ചത്. സനാതനത്തിന്‍റെ അര്‍ത്ഥം തേടി വീട്ടിനുള്ളിലെ ബുക്കുകളില്‍ നോക്കിയതുകൊണ്ട് എടപ്പാടി പളനിസ്വാമിക്ക് ഇരിക്കാന്‍ സാധിക്കില്ല. കേടനാട് കൊലപാതക കേസിലും അഴിമതി കേസിലും രക്ഷ തേടി താടിയില്‍ ഒളിച്ചിരിക്കാന്‍ പളനിസ്വാമിക്ക് സാധിക്കില്ല. ഒരു ദിവസം താടി അപ്രത്യക്ഷമാകുമെന്ന് ഓര്‍ക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി ശബ്ദം വാടകയ്ക്ക് ശബ്ദം നല്‍കിയവരുടെ അത്താഴം മുടക്കാന്‍ ആഗ്രഹിക്കുന്നില്ല.

തങ്ങള്‍ പ്രതിപക്ഷത്തിരുന്ന സമയത്ത് അറിയും പച്ചക്കറിയും അവശ്യ സാധനങ്ങളും വീട് വീടാന്തരം കയറി വിതരണം ചെയ്തിട്ടുണ്ട്. ആ സമയത്ത് ബിജെപിയും എഡിഎംകെയും എന്ത് ചെയ്യുകയായിരുന്നു. വിളക്ക് തെളിച്ചും മണി അടിച്ചും കൊറോണ വൈറസിനെ ഓടിക്കാന്‍ കൈകോര്‍ക്കുകയാണ് അക്കാലത്ത് അവര്‍ ചെയ്തത്.

ഇന്ന് ഞങ്ങള്‍ ഭരണപക്ഷത്താണ്. ഇന്നും ഞങ്ങള്‍ വീട് വീടാന്തരം കയറി ക്ഷേമപദ്ധതികളുടെ സഹായം നല്‍കുകയാണ്. അതേസമയം എഐഎഡിഎംകെ പാട്ടും നൃത്തവുമായി പുളിയോധരയുമായി പരിപാടികള്‍ നടത്തുകയാണ്. മണിപ്പൂരിനേക്കുറിച്ചുള്ള ചോദ്യങ്ങളൊഴിവാക്കാനായി മോദി സുഹൃത്തായ അദാനിക്കൊപ്പം നാട് ചുറ്റുകയാണ്. ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരക്കാരുടെ രാഷ്ട്രീയ നാടകത്തിന്‍റെ മൂലധനം. മണിപ്പൂരില്‍ 250 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതും 7.5 കോടിരൂപയുടെ അഴിമതിയും മറയ്ക്കാനാണ് മോദി സനാതന കാര്‍ഡ് ഇറക്കുന്നത്. എടപ്പാടി അവരുടെ നിര്‍ദേശത്തിന് ചുവട് വയ്ക്കുകയാണ്. പത്ത് കോടി രൂപയാണ് എന്റഎ തലയ്ക്ക് ഇട്ടിരിക്കുന്ന പാരിതോഷികം. ഇതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ കോടതികളില്‍ തനിക്കെതിരെ കേസ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ വധ ഭീഷണി നല്‍കിയവര്‍ക്കെതിരെ സ്റ്റേഷനുകളില്‍ പാര്‍ട്ടിക്കാര്‍ കേസ് നല്‍കുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് മാന്യത പഠിപ്പിച്ച് കൊടുക്കേണ്ടത് നമ്മളാണ്. അതാണ് നമ്മുടെ നേതാക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ പ്രകോപനപരമായ കാര്യങ്ങളില്‍ നിന്ന് അണികള്‍ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക. എന്നാണ് പ്രവര്‍ത്തകര്‍ക്കുള്ള തുറന്ന കത്തില്‍ ഉദയനിധി വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker