KeralaNews

കോടതി വരാന്തയില മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു,പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് കോടതി

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ പൊലീസിനെ താക്കീത് ചെയ്ത് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കോടതി വരാന്തയില്‍ വെച്ച് മുദ്രാവാക്യം വിളിക്കാന്‍ ആരേയും അനുവദിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇനി ഇത് ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 

കഴിഞ്ഞ തവണ ഗ്രോ വാസു കോടതി വരാന്തയില്‍ വെച്ച് മുദ്രാവാക്യം വിളിച്ച പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ താക്കീത്. കേസിലെ നാലാം സാക്ഷിയായ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ മുന്‍ സിപിഒ പി ജയചന്ദ്രനെ ഇന്ന് വിസ്തരിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 11ലേക്ക് മാറ്റി. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം വീണ്ടും  മുദ്രാവാക്യം വിളിച്ചാണ് ഗ്രോ വാസു പൊലീസ് വാഹനത്തിലേക്ക് കയറിയത്.

അതിനിടെ, ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് പൊലീസ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണതെന്നും വി ഡി സതീശൻ കത്തില്‍ പറയുന്നു. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.

തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker