27.4 C
Kottayam
Friday, April 26, 2024

UAE:തൊഴില്‍ ഇന്‍ഷൂറന്‍സ് പദ്ധതി എല്ലാവര്‍ക്കും നിര്‍ബന്ധം; വരിക്കാരായില്ലെങ്കില്‍ 400 ദിര്‍ഹം പിഴ, ജീവനക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

Must read

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടത്തിനെതിരായ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് സ്‌കീമിലേക്ക് ഇപ്പോള്‍ വരിക്കാരാകാം. ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഇന്‍ഷുറന്‍സ് സ്‌കീമില്‍ അഞ്ച് 5 ദിര്‍ഹമിന്റെയും 10 ദിര്‍ഹമിന്റെയും പ്രതിമാസ പ്രീമിയങ്ങളാണുള്ളത്. ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരമായി ലഭിക്കും.

എല്ലാ ജീവനക്കാരും സ്‌കീമിന് കീഴിലുള്ള ഒരു പ്ലാന്‍ സബ്സ്‌ക്രൈബ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയില്‍ വരിക്കാരാവാത്ത ജീവനക്കാരില്‍ നിന്ന് 400 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2023 ജനുവരി ഒന്നു മുതലാണ് പൊടുന്നനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമാവുന്ന ഇന്‍ഷൂറന്‍സ് പദ്ധതി രാജ്യത്ത് നിലവില്‍ വന്നത്. പദ്ധതി സബ്‌സ്‌ക്രൈബ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ചുവടെ:

ആവശ്യമായ രേഖകള്‍ എന്തൊക്കെ?

– എമിറേറ്റ്‌സ് ഐഡി.
– സാധുവായ യുഎഇ മൊബൈല്‍ ഫോണ്‍ നമ്പര്‍.

സബ്സ്‌ക്രിപ്ഷന്‍ ചാനലുകള്‍ ഏതൊക്കെയാണ്?

– പദ്ധതിയുടെ (ഐഎല്‍ഒഇ) വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി അധിക ചിലവുകള്‍ ഇല്ലാതെ സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം.

– അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, തവ്ജീഹ് ആന്‍ഡ് തഷീല്‍, കിയോസ്‌കുകള്‍, ബാങ്ക് ആപ്പുകള്‍/എടിഎം മെഷീനുകള്‍ എന്നി വഴി വരിക്കാരാവുമ്പോള്‍ അധിക സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും.

ആരാണ് സ്‌കീമിലേക്ക് വരിക്കാരാകേണ്ടത്?

ഫെഡറല്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശികളും പ്രവാസികളും സ്‌കീമില്‍ വരിക്കാരാവല്‍ നിര്‍ബന്ധമാണ്.

ആരൊക്കെയാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്?

– നിക്ഷേപകര്‍ (അവര്‍ ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമകള്‍).
– ഗാര്‍ഹിക ജോലിക്കാര്‍.
– താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍.
– 18 വയസ്സിന് താഴെയുള്ള കൗമാരക്കാര്‍.
– ജോലിയില്‍ നിന്ന് വിരമിച്ചവര്‍ (അവര്‍ പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമാണെങ്കില്‍).
– ഫ്രീസോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍.

ബാധകമായ പ്ലാനുകള്‍ ഏതൊക്കെയാണ്?

– ഒന്നാമത്തെ വിഭാഗം
അടിസ്ഥാന ശമ്പളം: 16,000 ദിര്‍ഹമോ അതില്‍ താഴെയോ.
പ്രീമിയം: പ്രതിമാസം അഞ്ച് ദിര്‍ഹം+ വാറ്റ്.
നഷ്ടപരിഹാര ആനുകൂല്യം: പ്രതിമാസം 10,000 ദിര്‍ഹം വരെ (ഒരു ക്ലെയിമിന് പരമാവധി മൂന്ന് മാസം വരെ)

– രണ്ടാമത്തെ വിഭാഗം

അടിസ്ഥാന ശമ്പളം: 16,000 ദിര്‍ഹമോ അതില്‍ കൂടുതലോ.
പ്രീമിയം: പ്രതിമാസം 10 ദിര്‍ഹം+വാറ്റ്.
നഷ്ടപരിഹാര ആനുകൂല്യം: പ്രതിമാസം 20,000 ദിര്‍ഹം വരെ (ഒരു ക്ലെയിമിന് പരമാവധി മൂന്ന് മാസം വരെ).

ഉപാധികളും നിബന്ധനകളും

– കുറഞ്ഞത് 12 മാസമെങ്കിലും പ്രതിമാസ പ്രീമിയം അടയ്ക്കുന്ന ജീവനക്കാര്‍ക്ക് മാത്രമേ ക്ലെയിമിനായി തുടര്‍ച്ചയായി പരമാവധി മൂന്ന് മാസത്തേക്ക് ക്യാഷ് ആനുകൂല്യം നല്‍കൂ.

– തൊഴില്‍ നഷ്ടത്തിന് മുമ്പുള്ള ഏറ്റവും പുതിയ ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് പ്രതിമാസ നഷ്ടപരിഹാരമായി നല്‍കുക.

– ഇന്‍ഷുറന്‍സ് കാലയളവില്‍ യുഎഇയില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ മുഴുവന്‍ തൊഴില്‍ ജീവിതത്തിലും, മൊത്തം ക്ലെയിം പേയ്മെന്റ് പ്രതിമാസ ആനുകൂല്യങ്ങള്‍ 12 കവിയാന്‍ പാടില്ല (സമര്‍പ്പിച്ച ക്ലെയിമുകളുടെ എണ്ണം പരിഗണിക്കാതെ).

ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍

– തൊഴില്‍ നഷ്ടം (ILOE) വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് സന്ദര്‍ശിക്കുക.
– വെബ്‌സൈറ്റില്‍, ‘ഇവിടെ സബ്‌സ്‌ക്രൈബ് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
– ‘ഇന്‍ഡിവ്ഡിവല്‍’ എന്നതിന് കീഴില്‍, നിങ്ങളുടെ തൊഴില്‍ മേഖല ഏതാണോ അതില്‍ ക്ലിക്ക് ചെയ്യുക (സ്വകാര്യ സ്ഥാപനം അല്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനം).
– നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി നമ്പര്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ ഒറ്റത്തവണ പാസ്വേഡ് നേടുക.
– ഒരു സ്വാഗത സ്‌ക്രീന്‍ നിങ്ങളുടെ അടിസ്ഥാന ശമ്പളത്തെയും ബാധകമായ പ്രതിമാസ പോളിസി പ്രീമിയത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.
– ‘എന്റെ സ്വകാര്യ വിശദാംശങ്ങള്‍ ശരിയാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു’ എന്ന് പറയുന്ന ബോക്‌സ് പരിശോധിക്കുക.
– നിങ്ങളുടെ പോളിസി കവറേജ് കാലയളവ് തിരഞ്ഞെടുക്കുക (ഒന്നോ രണ്ടോ വര്‍ഷം).
– നിങ്ങളുടെ പ്രീമിയം എങ്ങനെ അടക്കണമെന്ന് തീരുമാനിക്കുക: വാര്‍ഷികം/ അര്‍ധവാര്‍ഷികം/ മൂന്ന് മാസത്തിലൊരിക്കല്‍/ പ്രതിമാസം.
– നിബന്ധനകളും വ്യവസ്ഥകളും വായിച്ച് അംഗീകരിക്കുക.
– നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഇമെയില്‍ ഐഡി നല്‍കുക.
– പേയ്മെന്റ് നടത്തുന്നതിന് നിങ്ങളുടെ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക.
– പേയ്മെന്റിന് ശേഷം, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വയമേവ ജനറേറ്റ് ചെയ്യപ്പെടും, അത് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week