33.4 C
Kottayam
Monday, May 6, 2024

പുതുവത്സരാഘോഷത്തിനിടെ മൂന്നാറില്‍ കൂട്ടത്തല്ല്,സഞ്ചാരികളെ ഹോട്ടലിലിട്ട് ഓട്ടോഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചു

Must read

മൂന്നാർ: പുതുവത്സരാഘോഷത്തിനിടെ മൂന്നാറിൽ വിനോദസഞ്ചാരികളും ഓട്ടോ ഡ്രൈവര്‍മാരും ഏറ്റുമുട്ടി. വാഹനത്തിനു സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. കൂട്ടത്തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും മർദ്ദനമേറ്റു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഓട്ടോറിക്ഷ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വൻ സംഘർഷത്തിലേക്കു നയിച്ചത്. പുതുവത്സര ദിനമായ ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി ഇവിടുത്തെ ഹോട്ടലിലെത്തിയതായിരുന്നു വിനോദ സഞ്ചാരികളുടെ ഒരു സംഘം. എറണാകുളം കളമശേരി എച്ച്എംടി കോളനിയിൽ നിന്നുള്ള ആളുകളായിരുന്നു ഇവർ.

ഹോട്ടലിനു മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടെ യുവാക്കൾ ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു. ചെറിയ സംഘർഷത്തിനുശേഷം ഓട്ടോ ഡ്രൈവർ അവിടെനിന്നു പോയെങ്കിലും പിന്നീട് കൂടുതൽ ആളുകളുമായി ഹോട്ടലിൽ തിരിച്ചെത്തുകയായിരുന്നു.

അപ്പോഴേയ്ക്കും വിനോദസഞ്ചാരികളായ യുവാക്കൾ ഹോട്ടലിനുള്ളിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഓട്ടോ ഡ്രൈവറും ഒപ്പമെത്തിയവരും ഹോട്ടലിനുള്ളിൽ കയറി യുവാക്കളെ മർദ്ദിച്ചു. ഇതിന്റെ തുടർച്ചയായാണ് കൂട്ടത്തല്ലു രൂപപ്പെട്ടത്.

സംഘർഷമുണ്ടായതോടെ ഹോട്ടലിനുള്ളിൽ ഭക്ഷണം കഴിക്കുകയായിരുന്ന മറ്റ് ആളുകളും ചിതറിയോടി. സംഘർഷത്തിൽ ഇടപെട്ട ഹോട്ടൽ ജീവനക്കാർക്കും മർദ്ദനമേറ്റു. കൂട്ടത്തല്ലിൽ ഹോട്ടലിനു കാര്യമായ കേടുപാടു സംഭവിച്ചു. ഒട്ടേറെ സാധനസാമഗ്രികളും നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തിൽ ഏർപ്പെട്ട എട്ടു പേരെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week