KeralaNews

കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

ചാത്തന്നൂര്‍: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22) യുടെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി. ഇവരെ കണ്ടെത്താനായി ഇത്തിക്കരയാറ്റില്‍ പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുന്നു.

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ ബന്ധുക്കളായ 27കാരിയേയും 19 കാരിയേയുമാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ‘ഞങ്ങള്‍ പോകുന്നു’ എന്ന് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പാരിപ്പള്ളി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.

നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഇവരെ പോലീസ് അറിയിച്ചിരുന്നു. കാണാതായ ഇരുവരും അടുത്തുള്ള വീടുകളിലാണ് താമസിക്കുന്നത്. കല്ലുവാതുക്കലില്‍ വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പോയ ഇവര്‍ വ്യാഴാഴ്ച ഉച്ചയോടെ വീടുകളില്‍ തിരിച്ചെത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെ കാണാതായത്.

പാരിപ്പള്ളി പോലീസ് വ്യാഴാഴ്ച വൈകുന്നേരം തന്നെ ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈലിന്റെ ടവര്‍ ലോക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇത്തിക്കര മാടന്‍നടയുടെ ഭാഗവും ഇത്തിക്കര കൊച്ചു പാലവും പരിസരവുമാണ് അവസാനം ടവര്‍ ലോക്കേഷന്‍ വ്യക്തമാക്കിയത്. രാത്രി ഈ ഭാഗങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

നവജാത ശിശുവിനെ ഉപേക്ഷിച്ച രേഷ്മയുടെ പ്രവൃത്തിയില്‍ വിഷ്ണുവിന്റെ ബന്ധുക്കള്‍ മാനസികമായി തളര്‍ന്ന നിലയിലാണ്. അത്രയേറെ നാണക്കേടാണ് രേഷ്മ സമ്മാനിച്ചതെന്ന വിഷമത്തിലാണ് അവര്‍. കാണാതായ ബന്ധുക്കളായ യുവതികളുടെ അവസാന ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.

ചാത്തന്നൂര്‍ എസിപി വൈ. നിസ്സാമുദീന്‍, പാരിപ്പള്ളി, ചാത്തന്നൂര്‍ സിഐമാരായ ടി. സതികുമാര്‍, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും പരവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഇത്തിക്കര കൊച്ചു പാലത്തിന് സമീപം ആറ്റില്‍ പരിശോധന നടത്തുകയാണ്. നാണക്കേടാണ് യുവതികളുടെ തിരോധാനത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker