നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേർപ്പെടുത്തി
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ആമസോണ്‍ പ്രൈം സീരീസായ താണ്ഡവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. ‘ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍…’ കങ്കണ ട്വീറ്റ് ചെയ്തു.
താണ്ഡവ് വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെയും പ്രസ്താവനയുമായി കങ്കണ രംഗത്ത് വന്നിരുന്നു. അള്ളാഹുവിനെ കളിയാക്കാന്‍ അബ്ബാസിന് ധൈര്യമുണ്ടോ എന്നായിരുന്നു കങ്കണയുടെ ചോദ്യം. ബിജെപി നേതാവ് കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണ വെല്ലുവിളി നടത്തിയത്. നിരവധി പേര്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.