ഒടുക്കത്തെ പ്രാര്‍ത്ഥനയായിരുന്നു, പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല; പ്രാര്‍ത്ഥനയല്ല, സര്‍ജറിയാണ് വേദന മാറ്റിയത്; വൈറലായി ടൊവീനോ
‘മിന്നല്‍ മുരളി’ സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടൊവീനോ തോമസ് പക്ഷെ ൃ, ജീവിതത്തില്‍ സൂപ്പര്‍ പവറുകളില്‍ വിശ്വസിക്കാത്ത വ്യക്തിയാണ്. താന്‍ ഒരു യുക്തിവാദിയാണെന്ന് താരം തന്നെ മുമ്പ് വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ ജീവിതത്തില്‍ കഠിനമായി ഉണ്ടായിരുന്ന ഒരു വേദനയെ അകറ്റാന്‍ പ്രാര്‍ത്ഥിച്ച് വെറുതെ സമയം കളഞ്ഞെന്നും പകരം, സര്‍ജറി കൊണ്ട് ഭേദമാക്കുകയും ചെയ്തെന്നും താരം പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്.
‘എനിക്ക് 12 വയസുള്ള സമയത്ത് കിഡ്‌നി സ്റ്റോണ്‍ വന്നു. രണ്ടര സെന്റിമീറ്റര്‍ നീളത്തിലായിരുന്നു കല്ല്. ഒടുക്കത്തെ വേദനയായിരുന്നു. എല്ലാവരും എന്നെ ഓര്‍ത്ത് വേദനിക്കുന്നത് ഞാന്‍ കണ്ടു. ആന്റിബയോട്ടിക്ക് എടുത്തിട്ടും ഷിവറിങ് മാറുന്നില്ലായിരുന്നു. അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍ വേദന മാറും. പ്രാര്‍ത്ഥിച്ചാല്‍ കിഡ്‌നി സ്റ്റോണ്‍ അലിഞ്ഞാതെയാകും എന്നൊക്കെ. ഞാന്‍ ഒടുക്കത്തെ പ്രാര്‍ത്ഥനയായിരുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല അങ്ങനെ. പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല.’
‘കീഹോള്‍ സര്‍ജറിയില്‍ കല്ലെടുത്ത് കളഞ്ഞു. യുക്തിപരമായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് അത് പോയില്ല, സര്‍ജറി ചെയ്തപ്പോള്‍ അത് പോയി. ദൈവം പാതി താന്‍ പാതി എന്ന് പറയുന്നതില്‍ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളു. തന്റെ പാതി കൃത്യമായി ചെയ്താല്‍ അത് നമുക്ക് തന്നെ പ്രചോദനം ആണ്’, ടോവിനോ തോമസ് പറയുന്നു.