27.8 C
Kottayam
Sunday, May 5, 2024

കൊവിഡ് കനക്കുന്നു,സംസ്ഥാനത്ത് ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും. പൊതു ചടങ്ങുകളുടെ സമയം രണ്ടു മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്തും. ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും.

അതെ സമയം പൊതുചടങ്ങുകളിലെ പങ്കാളിത്തതിലെ നിയന്ത്രണങ്ങളിലും മറ്റു വ്യവസ്ഥകളിലും ഇളവുണ്ടായേക്കില്ല. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുക എന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഇടവേളക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുന്നത്. വാക്സിനേഷനുകൾ കൂട്ടുന്നതിനും സർക്കാർ നടപടികൾ വിപുലമാക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതൽ രോഗികള്‍ ഉള്ളത്. തിരുവനന്തപുരത്ത് മരണനിരക്കും കുതിക്കുകയാണ്.

ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ചാണ് അടിയന്തരമല്ലാത്ത കൊവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത് .രോഗ വ്യാപനം കൂടിയ സാഹര്യത്തില്‍ കൊവിഡ് രോഗികൾക്ക് മാത്രമായി പഴയപോലെ ചില ആശുപത്രികള്‍ പരിമിതപ്പെടുത്തുന്നതും സജീവ പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 5692 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 989, എറണാകുളം 710, മലപ്പുറം 596, കണ്ണൂര്‍ 438, തിരുവനന്തപുരം 337, കോട്ടയം 381, ആലപ്പുഴ 329, തൃശൂര്‍ 305, കൊല്ലം 275, കാസര്‍ഗോഡ് 207, പാലക്കാട് 88, ഇടുക്കി 189, പത്തനംതിട്ട 131, വയനാട് 113 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 144, കൊല്ലം 167, പത്തനംതിട്ട 68, ആലപ്പുഴ 196, കോട്ടയം 337, ഇടുക്കി 46, എറണാകുളം 137, തൃശൂര്‍ 207, പാലക്കാട് 130, മലപ്പുറം 253, കോഴിക്കോട് 425, വയനാട് 17, കണ്ണൂര്‍ 303, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,856 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,827 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 403 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week