26.4 C
Kottayam
Friday, April 26, 2024

നായകനായി അരങ്ങേറ്റ മത്സരത്തിൽ സഞ്ജുവിന് സെഞ്ച്വറി, അവസാന പന്തിൽ രാജസ്ഥാന് നാടകീയ തോൽവി

Must read

മുംബൈ:അവസാന പന്തു വരെ ആവേശം നിലനിന്ന മത്സരത്തിൽ സഞ്ജു വി സാംസണായ രാജസ്ഥാൻ റോയൽസിന് നാലു റൺസ് പരാജയം.പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ അവസാന പന്തിൽ പുറത്തായതോടെയാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്.

63 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്സും 12 ഫോറുമടക്കം 119 റൺസെടുത്തു. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ സിക്സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു.ഐ.പി.എല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലിൽ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്.

പഞ്ചാബ് മുന്നോട്ടുവെച്ച 222 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തിൽ തന്നെ മുഹമ്മദ് ഷമി ബെൻ സ്റ്റോക്ക്സിനെ (0) പുറത്താക്കി. സ്കോർ 25-ൽ എത്തിയപ്പോൾ മനൻ വോറയും (12) പുറത്തായി.മൂന്നാം വിക്കറ്റിൽ ഒന്നിച്ച സഞ്ജുവും ജോസ് ബട്ട്ലറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. 13 പന്തിൽ നിന്ന് അഞ്ചു ഫോറടക്കം 25 റൺസെടുത്ത ബട്ട്ലറെ പുറത്താക്കി ജേ റിച്ചാർഡ്സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തിരുന്നു. തകർത്തടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക് ഹൂഡയും ചേർന്നാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.50 പന്തുകൾ നേരിട്ട രാഹുൽ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 91 റൺസെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്കോർ 22-ൽ എത്തിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാളിനെ (14) നഷ്ടമായി.പിന്നാലെ ക്രീസിൽ ഒന്നിച്ച രാഹുലും ക്രിസ് ഗെയ്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. 28 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്ത ഗെയ്ലിനെ പുറത്താക്കി റിയാൻ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഐ.പി.എല്ലിൽ 350 സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ഗെയ്ൽ മടങ്ങിയത്.

തുടർന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.മൂന്നാം വിക്കറ്റിൽ രാഹുൽ – ഹൂഡ സഖ്യം 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകൾ നേരിട്ട ഹൂഡ ആറു സിക്സും നാലു ഫോറുമടക്കം 64 റൺസെടുത്തു.

ഹൂഡ പുറത്തായ ശേഷമെത്തിയ നിക്കോളാസ് പുരൻ (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് രണ്ടു വിക്കറ്റ് വീഴ്ത്തി.നേരത്തെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ ടോസ് വിജയിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week