26.9 C
Kottayam
Monday, May 6, 2024

വിജിലൻസ് വീട്ടിൽ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ശേഖരിച്ചത്, പിണറായി പക തീർക്കുന്നുവെന്ന് കെ.എം.ഷാജി

Must read

കണ്ണൂർ: വിജിലൻസ് സംഘം തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പലരിൽ നിന്നും ശേഖരിച്ചതാണെന്ന് കെ എം ഷാജിയുടെ പ്രതികരണം. പാർട്ടി തന്ന പണവും അതിൽ ഉണ്ട്. 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഷാജി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവായ തുക കൊടുത്തു തീർത്തിരുന്നില്ല. ഇതിനായി നീക്കിവച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഈ പണം വീട്ടിലുണ്ടെന്നറിഞ്ഞ് മനപൂർവ്വം കുടുക്കാനായി വിജിലൻസ് എത്തിയതാണ്. വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പകപോക്കുകയാണ്.

വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ട്. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.

തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേസമയം, ബന്ധുവിന്‍റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്നാണ് ഷാജി വിജിലൻസിനോട് പറഞ്ഞത്.രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി ആവശ്യപ്പെട്ടെന്നും വിജിലൻസ് നേരത്തെ പറഞ്ഞിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week