25.8 C
Kottayam
Saturday, May 25, 2024

കാർ മറിഞ്ഞു പരുക്കേറ്റ കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലെത്തിക്കാതെ നാട്ടുകാരും ആംബുലന്‍സും

Must read

കടയ്ക്കല്‍ : കാര്‍ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞു. വൈദ്യുതത്തൂണിലിടിച്ചു മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാക്കിയതോടെ പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാരും ആംബുലന്‍സുകളും തയ്യാറായില്ല, ഇതോടെ മുഖത്തേറ്റ പരുക്കുകളുമായി യുവതിക്ക് നടുറോഡില്‍ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂര്‍.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ പോയി മടങ്ങുമ്ബോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ച്‌ ഫോണ്‍കോള്‍ എത്തുന്നത്. ഉടന്‍ പരിഭ്രാന്തിയിലായ നാല്‍പ്പതുകാരിക്ക് കാറിന്റെ നിയന്ത്രണം നഷ്ടമാവുകയും കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയും ആയിരുന്നു. യുവതിയുടെ മുഖത്തു നിസ്സാര പരുക്കേറ്റു.

കാറില്‍ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി.

പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. സഹായിക്കാന്‍ ആരും തയ്യറാവാതെ വന്നതോടെ ഒന്നര മണിക്കൂര്‍ റോഡില്‍ കഴിയേണ്ടി വന്നു. വീട്ടിലാക്കിയാല്‍ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു, കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു.

പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാന്‍ അവരും തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറില്‍ വീട്ടിലേക്കു മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week