30 C
Kottayam
Friday, May 3, 2024

തൃക്കാക്കരയിലെ നായ്ക്കളുടെ കൂട്ടക്കൊല,പ്രതിക്കൂട്ടിലായി നഗരസഭ,നിര്‍ദ്ദേശം നല്‍കിയത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെന്ന് പ്രതികളുടെ മൊഴി

Must read

കൊച്ചി:തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ പുറത്ത് വരുന്നത് നിര്‍ണായക കണ്ടെത്തല്‍. സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍ ആയവര്‍ മൊഴി നല്‍കിയിരുന്നു. നായപിടുത്തക്കാരായ മൂവരുടെയും മൊഴി രേഖപ്പെടുത്തിയ അമിക്യസ് ക്യൂറി രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

തൃക്കാക്കരയില്‍ തെരുവ് നായകളെ പിടികൂടി കൊലപ്പെടുത്തി നഗരസഭയില്‍ ഉപേക്ഷിച്ച കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു, രഞ്ജിത് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്ത്. നഗരസഭാ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് നായകളെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നത്.

സംഭവം വിവാദമായതോടെ കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പ്രതിയായേക്കും. ഇതോടെ നഗരസഭ ഭരണസമിതിയും പ്രതിക്കൂട്ടിലാകും. നായകളെ മറവുചെയ്ത നഗരസഭാ മാലിന്യസംഭരണ കേന്ദ്രത്തില്‍ മുവരെയും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ഓരോ നായയെയും പിടികൂടുന്നതിന് കൂലി നല്‍കിയിരുന്നതായി കേസില്‍ അറസ്റ്റിലായവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നഗരസഭയുടെ കമ്മ്യണിറ്റിഹാളില്‍ താമസ സൗകര്യമൊരുക്കിയതും ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് ഇവരുടെ മൊഴി.

ഇതിനിടയിൽ പ്രതികളുടെ അറസ്റ്റ് നഗരസഭയെ കൂടുതൽ വെട്ടിലാക്കും. എന്തിനാണ് നായ്ക്കളെ കൊന്നുതള്ളിയത് എന്നതിന് വ്യക്തമായ ഉത്തരം പ്രതികൾ ഇപ്പോഴും നൽകിയിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തന്നെയാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നായ്ക്കളെ കൊന്നു തള്ളാൻ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 30 നായകളുടെ ജഡം നഗരസഭാ യാർഡിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

നഗരസഭാ പരിധിയിലുള്ള ഈച്ചമുക്ക് പ്രദേശത്ത് തെരുവു നായ്ക്കളെ കുരുക്കിട്ടു പിടിച്ചു കൊന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയും രംഗത്ത് വന്നിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഇറച്ചിക്കു വേണ്ടിയാണ് നായയെ പിടികൂടിയത് എന്ന സംശയം ഉയർന്നിരുന്നു. നാട്ടുകാർ ഇക്കാര്യം മൃഗസ്നേഹികളുടെ സംഘടനെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ നഗരസഭയുടെ നിർദേശത്തെ തുടർന്നാണ് തെരുവു നായവേട്ടയെന്ന് വ്യക്തമായി. തുടർന്ന് ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

നഗരസഭയുടെ തന്നെ കെട്ടിടത്തിൽ താമസിപ്പിച്ചിരുന്ന തമിഴ്നാട് സ്വദേശികളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ തന്നെ നിയോഗിച്ചതാണെന്നാണ് ഇവർ നൽകിയ മൊഴി. നഗരസഭാ പരിധിയിലുള്ള വാർഡുകൾ തിരിച്ചുള്ള വിവരങ്ങളും ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. നായയെ കൊല്ലുന്നതിനുള്ള വിഷവും സിറിഞ്ചുമെല്ലാം ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു നായയ്ക്ക് 500 രൂപ വീതം വാഗ്ദാനം ചെയ്താണ് നിയോഗിച്ചിരുന്നതെന്നും ഇവർ പറയുന്നതായി എസ്ഇടിഎ എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ. സജീവ് മൊഴി നൽകിയിരുന്നു . എന്നാൽ നായകളെ കൊല്ലാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് നഗരസഭാ ചെയർപേഴ്സൺ പറയുന്നത്.

വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായ്ക്കളെ ഉഗ്രവിഷം കുത്തിവച്ചാണ് കൊല്ലുന്നത്. സൂചി കുത്തിവച്ച് ഊരിയെടുക്കും മുമ്പ് നായ കുഴഞ്ഞു വീണു ചാകുന്നത്ര വിഷമാണ് ഉപയോഗിക്കുന്നത്. നായ്ക്കളെയൊ മൃഗങ്ങളെയൊ മുറിവേൽപിക്കുകയൊ കൊലപ്പെടുത്തുകയൊ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 248, 249 പ്രകാരം മൂന്നു വർഷം വരെ തടവു കിട്ടാവുന്ന ശിക്ഷയാണ്. എബിസി 2001 റൂൾ പ്രകാരം നായ്ക്കളെ കൊല്ലരുതെന്നും വന്ധ്യം കരണം നടത്താമെന്നുമാണ് നിർദേശം. സംസ്ഥാനത്ത് ഈ ഉത്തരവാദിത്തം നിലവിൽ കുടുംബശ്രീയെയാണ് ഏൽപിച്ചിരിക്കുന്നത്. ഇതിനിടെ ഏതാനും ദിവസം മുമ്പ് ഹൈക്കോടതി ഇടപെട്ട് നായകളുടെ വന്ധ്യംകരണം നിർത്തി വച്ചിരിക്കുകയാണ്.

തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോ എന്ന നായയെ കൊന്ന കേസിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഫയലിന് ബ്രൂണോ എന്നു പേരു നൽകിയത് വാർത്തയായിരുന്നു. മൃഗങ്ങൾക്കെതിരായ നടപടികളിൽ കോടതി ഇടപെടൽ നടത്തുന്നതിനിടെയാണ് സർക്കാർ സംവിധാനം തന്നെ നിയമവിരുദ്ധമായി നായയെ കൊല്ലുന്നതിനു നിർദേശം നൽകിയരിക്കുന്നത് എന്നാണ് ആക്ഷേപം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week